എന്തിനാണ് അശ്വിനെ ഒഴിവാക്കിയത്, ആ യുക്തി എനിക്ക് മനസിലാവുന്നില്ല, ടീം സെലക്ഷനെതിരെ സച്ചിനും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (15:44 IST)
ഓസീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. ഓസീസിന്റെ പേസ് അക്രമണത്തിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ 209 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഓസീസിനെ അഭിനന്ദിച്ചും ആര്‍ അശ്വിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിനും എതിരെ രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ ആര്‍ അശ്വിനെ ഒഴിവാക്കിയതിലെ യുക്തി തനിക്ക് മനസിലായില്ലെന്ന് സച്ചിന്‍ പറയുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വിജയിച്ച ഓസ്‌ട്രേലിയന്‍ ടീമിന് എന്റെ അഭിനന്ദനങ്ങള്‍. മത്സരത്തിലെ ആദ്യ ദിനത്തിലെ സ്മിത്ത് ട്രാവിസ് ഹെഡ് കൂട്ടുക്കെട്ട് ഓസീസ് വിജയത്തിന് അടിത്തരയിട്ടിരുന്നു. ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ വലിയ സ്‌കോര്‍ നേടേണ്ട സ്ഥിതിയായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അതിന് സാധിച്ചില്ല. എനിക്ക് ഇപ്പോഴും മനസിലാകാത്തത് അശ്വിനെ എന്തുകൊണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ്. നിലവില്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് അശ്വിന്‍. സ്പിന്നര്‍മാര്‍ പന്ത് കുത്തിതിരിയുന്ന പിച്ചില്‍ മാത്രമല്ല മികവ് കാണിക്കുക. പന്ത് വായുവില്‍ തിരിച്ചും പിച്ചിന്റെ ബൗണ്‍സ് മുതലെടുത്തും വേഗതയില്‍ വ്യത്യസം വരുത്തിയും വിക്കെറ്റെടുക്കാന്‍ ശ്രമിക്കും.

അശ്വിന് ഇടംകയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളതെന്ന കാര്യവും സച്ചിന്‍ സൂചിപ്പിച്ചു. ഓസീസ് ടീമിലെ 8 ബാറ്റര്‍മാരില്‍ അഞ്ച് പേരും ഇടംകയ്യന്മാരാണെന്ന കാര്യം ഇന്ത്യ മറക്കരുതായിരുന്നുവെന്നും സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :