KGF എന്നൊക്കെ പറയും, പക്ഷേ കളിക്കുന്നത് K മാത്രം; ആര്‍സിബിയുടെ അവസ്ഥ ദയനീയം !

നാല് ഇന്നിങ്സുകളില്‍ നിന്ന് വെറും 65 റണ്‍സ് മാത്രമാണ് ഡു പ്ലെസിസ് ഇതുവരെ നേടിയിരിക്കുന്നത്

Royal Challengers Bengaluru
രേണുക വേണു| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (09:07 IST)
Royal Challengers Bengaluru

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് KGF ത്രയം. കോലി, ഗ്ലെന്‍, ഫാഫ് എന്നിവരാണ് ആര്‍സിബിയുടെ ബാറ്റിങ് കരുത്ത്. എന്നാല്‍ ഈ സീസണില്‍ കോലി മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തിയത്. ഗ്ലെന്‍ മാക്‌സ്വെല്ലും ഫാഫ് ഡു പ്ലെസിസും അമ്പേ നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ആര്‍സിബി.

ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഇപ്പോള്‍ വിരാട് കോലി. നാല് കളികളില്‍ നിന്ന് 67.67 ശരാശരിയില്‍ 203 റണ്‍സാണ് താരം നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 140.97 ആണ്, ഉയര്‍ന്ന സ്‌കോര്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്താകാതെ നേടിയ 83 റണ്‍സ്. ഇനി മാക്‌സ്വെല്ലിന്റെയും ഡു പ്ലെസിസിന്റെയും കണക്കുകള്‍ എടുത്താല്‍ ആര്‍സിബി ആരാധകര്‍ നാണിച്ചു തല താഴ്ത്തും. ഇരുവരും ബാറ്റിങ്ങില്‍ അത്രത്തോളം നിരാശപ്പെടുത്തുകയാണ്.

നാല് ഇന്നിങ്സുകളില്‍ നിന്ന് വെറും 65 റണ്‍സ് മാത്രമാണ് ഡു പ്ലെസിസ് ഇതുവരെ നേടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ 35 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. രണ്ട് തവണ രണ്ടക്കം കാണാതെ പുറത്തായി. ഇതിനേക്കാള്‍ ദയനീയമാണ് മാക്‌സ്വെല്ലിന്റെ അവസ്ഥ. നാല് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് വെറും 31 റണ്‍സ്. ശരാശരി വെറും 7.75 ! രണ്ട് കളികളില്‍ ഡക്കിനും ഒരെണ്ണത്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. ബൗളിങ്ങില്‍ മാത്രമാണ് മാക്‌സ്വെല്‍ ആശ്വസിക്കാനുള്ള വക നല്‍കുന്നത്. ഡു പ്ലെസിസിന്റെയും മാക്‌സ്വെല്ലിന്റെയും നാല് ഇന്നിങ്‌സുകളിലെ റണ്‍സ് കൂട്ടിയാല്‍ പോലും കോലി ഇതുവരെ നേടിയ റണ്‍സിന്റെ പകുതി പോലും ആകുന്നില്ല. ഇതാണ് ആര്‍സിബി നേരിടുന്ന പ്രധാന പ്രശ്‌നം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :