എന്തൊരു നാണക്കേട് ! രോഹിത്തിന്റെ മോശം റെക്കോര്‍ഡ് കണ്ട് കണ്ടുതള്ളി ആരാധകര്‍

മോശം ഫോമിന്റെ പാരമ്യത്തിലാണ് രോഹിത് ഇപ്പോള്‍ നില്‍ക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (16:41 IST)

ഐപിഎല്‍ ചരിത്രത്തില്‍ മോശം റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. രോഹിത് ഐപിഎല്ലില്‍ അഞ്ച് റണ്‍സിന് താഴെ മാത്രം നേടി പുറത്തായത് 50 തവണയാണ്. ഏറ്റവും കൂടുതല്‍ തവണ ഒറ്റയക്കത്തിനു പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്ക് 44 തവണയാണ് അഞ്ചില്‍ താഴെ റണ്‍സെടുത്ത് പുറത്തായിരിക്കുന്നത്. റോബിന്‍ ഉത്തപ്പ 41 തവണ പുറത്തായിട്ടുണ്ട്.

മോശം ഫോമിന്റെ പാരമ്യത്തിലാണ് രോഹിത് ഇപ്പോള്‍ നില്‍ക്കുന്നത്. ഐപിഎല്ലില്‍ രോഹിത് ഒരു അര്‍ധ സെഞ്ചുറി നേടിയിട്ട് 23 ഇന്നിങ്സുകളായി. 2021 സീസണിലാണ് രോഹിത് അവസാനമായി അര്‍ധ സെഞ്ചുറി നേടിയത്.

2017 മുതല്‍ 2022 വരെയുള്ള രോഹിത്തിന്റെ ഓരോ സീസണുകളിലേയും ശരാശരി പരിശോധിച്ചാല്‍ താരത്തിന്റെ മോശം ഫോം എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാകും. 23.79, 23.83, 28.93, 27.67, 29.31, 19.14 എന്നിങ്ങനെയാണ് രോഹിത്തിന്റെ ഓരോ വര്‍ഷത്തേയും ശരാശരി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :