തുടര്‍ച്ചയായി മുപ്പതുകളില്‍ ഔട്ടാകുന്നു; രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്

രേണുക വേണു| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (16:17 IST)

രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്. ഇന്ത്യയ്ക്ക് പുറത്തുനടന്ന കഴിഞ്ഞ നാല് ടെസ്റ്റില്‍ നിന്ന് 241 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സംഭാവന. നല്ല തുടക്കം നല്‍കുകയും എന്നാല്‍ മുപ്പതുകളില്‍ ഔട്ടാകുകയും ചെയ്യുന്ന പതിവ് രോഹിത് ആവര്‍ത്തിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 26, 52, 44, 7 എന്നിങ്ങനെയാണ് രോഹിത്തിന്റെ വ്യക്തിഗത സ്‌കോര്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ 30 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 34 റണ്‍സുമാണ് രോഹിത്തിന്റെ സംഭാവന. അവസാന നാല് ഇന്നിങ്‌സില്‍ 37, 34, 30, 36 എന്നിങ്ങനെയാണ് രോഹിത്തിന്റെ വ്യക്തിഗത സ്‌കോര്‍. തുടര്‍ച്ചയായി മുപ്പതുകളില്‍ പുറത്താകുന്ന താരമെന്ന ചീത്തപ്പേര് ഇതിനോടകം രോഹിത്തിനുണ്ട്.

രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തി കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെ ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാനാണ് ആലോചന. അങ്ങനെ വന്നാല്‍ രോഹിത് പുറത്തിരിക്കേണ്ടിവരും. 2013 ലാണ് രോഹിത് ശര്‍മ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് 22 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഒരു തവണ പോലും ഇന്ത്യയ്ക്ക് പുറത്ത് സെഞ്ചുറി അടിക്കാന്‍ രോഹിത്തിന് സാധിച്ചില്ല. 27.81 ശരാശരിയില്‍ 79 റണ്‍സാണ് രോഹിത് ശര്‍മയുടെ ഉയര്‍ന്ന സ്‌കോര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :