വരുന്നത് ലോകകപ്പാണ്, ഫീല്‍ഡ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന രോഹിത്താണോ ഇന്ത്യയെ നയിക്കേണ്ടത്; തുറന്നടിച്ച് ആരാധകര്‍

രേണുക വേണു| Last Modified വ്യാഴം, 4 മെയ് 2023 (12:32 IST)

ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുന്നത് ശരിയല്ലെന്ന് ആരാധകര്‍. ഐപിഎല്ലില്‍ മോശം ഫോമിലാണ് രോഹിത് ഇപ്പോള്‍. ഫീല്‍ഡ് ചെയ്യാന്‍ പോലും താരം ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെയൊരാള്‍ ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫീല്‍ഡിലെങ്കിലും മികവ് പുലര്‍ത്താതെ ഏകദിന സ്‌ക്വാഡില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തരുതെന്നാണ് ആരാധകരുടെ വാദം.

ഫിറ്റ്നെസ് ഇല്ലാത്തതാണ് രോഹിത്തിന്റെ പ്രധാന പ്രശ്നം. ഫീല്‍ഡിങ്ങില്‍ പോലും ടീമിനായി എന്തെങ്കിലും ചെയ്യാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് മാറി കഴിഞ്ഞു. ഐപിഎല്ലില്‍ കൂടുതല്‍ ഡക്ക്, കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്തായി തുടങ്ങിയ മോശം റെക്കോര്‍ഡുകളെല്ലാം രോഹിത്തിന്റെ പേരിലാണ് ഇപ്പോള്‍.

സീസണില്‍ ഒന്‍പത് ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 20.44, സ്‌ട്രൈക്ക് റേറ്റ് 129.58 മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമാണ് താരം നേടിയത്. ഈ സീസണില്‍ മാത്രം നാല് തവണ ഒറ്റയക്കത്തിനു പുറത്തായിട്ടുണ്ട്. ഐപിഎല്ലില്‍ 15 തവണയാണ് രോഹിത് ഡക്കിനു പുറത്തായിട്ടുള്ളത്. ഒരു ക്യാപ്റ്റന്‍ എന്ന ലേബലില്‍ ഇനിയും എത്രനാള്‍ ടീമില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ ചോദ്യം. മാനേജ്മെന്റ് മുഖം കറുപ്പിച്ച് എന്തെങ്കിലും പറയും മുന്‍പ് സ്വന്തം പ്രകടനത്തെ കുറിച്ച് ആത്മപരിശോധന നടത്തി ടീമില്‍ നിന്ന് മാറിനില്‍ക്കാനുള്ള വിവേകം രോഹിത് കാണിക്കണമെന്നാണ് ആരാധകരുടെ വാദം.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :