Rohit Sharma: ഈ രോഹിത്തിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യാന്‍ നാണമുണ്ടോ? കണക്കുകള്‍ നിരത്തി ആരാധകര്‍

സീസണില്‍ ഒന്‍പത് ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്

രേണുക വേണു| Last Modified വ്യാഴം, 4 മെയ് 2023 (09:26 IST)

Rohit Sharma: രോഹിത് ശര്‍മയെ വിമര്‍ശിച്ചും ട്രോളിയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. രോഹിത്തിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് വലിയ വിഭാഗം ആരാധകരുടെ അഭിപ്രായം. ഐപിഎല്ലില്‍ കോലിയും രോഹിത്തും തമ്മില്‍ ആനയും ഉറുമ്പും പോലെയാണെന്നും ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ രോഹിത് വെറും നനഞ്ഞ പടക്കമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലെ രോഹിത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ആരാധകര്‍ താരത്തെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.

ഇനിയും മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ തുടരാനുള്ള യോഗ്യത പോലും രോഹിത്തിന് ഇല്ലെന്നാണ് കണക്കുകള്‍ നിരത്തി ആരാധകര്‍ സമര്‍ത്ഥിക്കുന്നത്. പഴയ പോലെ ട്വന്റി 20 ഫോര്‍മാറ്റില്‍ ശോഭിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് രോഹിത്തിനെ പോലൊരു ലെജന്റിന് ചേരുന്ന രീതിയല്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. ഈ സീസണില്‍ തുടര്‍ച്ചയായി രോഹിത് ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം.

സീസണില്‍ ഒന്‍പത് ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 20.44, സ്‌ട്രൈക്ക് റേറ്റ് 129.58 മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമാണ് താരം നേടിയത്. ഈ സീസണില്‍ മാത്രം നാല് തവണ ഒറ്റയക്കത്തിനു പുറത്തായിട്ടുണ്ട്. ഐപിഎല്ലില്‍ 15 തവണയാണ് രോഹിത് ഡക്കിനു പുറത്തായിട്ടുള്ളത്. ഒരു ക്യാപ്റ്റന്‍ എന്ന ലേബലില്‍ ഇനിയും എത്രനാള്‍ ടീമില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ ചോദ്യം. മാനേജ്മെന്റ് മുഖം കറുപ്പിച്ച് എന്തെങ്കിലും പറയും മുന്‍പ് സ്വന്തം പ്രകടനത്തെ കുറിച്ച് ആത്മപരിശോധന നടത്തി ടീമില്‍ നിന്ന് മാറിനില്‍ക്കാനുള്ള വിവേകം രോഹിത് കാണിക്കണമെന്നാണ് ആരാധകരുടെ വാദം.

ഐപിഎല്ലില്‍ കൂടുതല്‍ ഡക്ക്, കൂടുതല്‍ തവണ ഒറ്റയക്കത്തിനു പുറത്തായി, 200 റണ്‍സ് പിന്തുടര്‍ന്ന മത്സരങ്ങളില്‍ ഒരു ഫിഫ്റ്റി പോലും ഇല്ല, ഒരു സീസണില്‍ പോലും ഓറഞ്ച് ക്യാപ് നേടിയിട്ടില്ല, 150 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഒരു സീസണ്‍ പോലും ഇല്ല എന്നിട്ടും രോഹിത്തിനെ വിരാട് കോലിക്കൊപ്പം താരതമ്യം ചെയ്യുന്നത് എന്തൊരു മണ്ടത്തരമാണെന്നാണ് ആരാധകരുടെ ചോദ്യം. ഐപിഎല്ലില്‍ ശരാശരിക്ക് മുകളിലുള്ള ഒരു ബാറ്റര്‍ മാത്രമാണ് രോഹിത് എന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :