Mumbai Indians: മുംബൈ നായകസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് രോഹിത് ശര്‍മ; സൂര്യയോ ഇഷാനോ പുതിയ നായകനാകും

രേണുക വേണു| Last Modified വ്യാഴം, 4 മെയ് 2023 (10:47 IST)

Mumbai Indians: മോശം ഫോമിലുള്ള രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം ഒഴിയും. നായകസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ട്. ഈ സീസണില്‍ കൂടി താന്‍ നായകസ്ഥാനത്ത് ഉണ്ടാകുമെന്നും അടുത്ത സീസണിലേക്ക് പുതിയ നായകനെ തീരുമാനിക്കണമെന്നുമാണ് രോഹിത് ഫ്രാഞ്ചൈസിയെ അറിയിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളായിരിക്കും അടുത്ത മുംബൈ നായകന്‍. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ് യുവതാരമായ ഇഷാന്‍ കിഷനെ കൂടി നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പേസര്‍ ജസ്പ്രീത് ബുംറയുടെ പേരും പരിഗണനയിലുണ്ട്.

അതേസമയം ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ രോഹിത്തിനെതിരെ മുംബൈ ആരാധകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ നായകസ്ഥാനത്തു നിന്ന് മാറണമെന്നാണ് ആരാധകരുടെ ആവശ്യം. ബാറ്റര്‍ എന്ന നിലയിലോ ഫീല്‍ഡറോ എന്ന നിലയിലോ രോഹിത് ടീമിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും നായകനായി മാത്രം ഒരാള്‍ ടീമില്‍ തുടരുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആരാധകര്‍ പറയുന്നു. ഇക്കാര്യത്തില്‍ ടീം മാനേജ്മെന്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണ് നല്ലതെന്ന് ആരാധകര്‍. പഴയ പോലെ ട്വന്റി 20 ഫോര്‍മാറ്റില്‍ ശോഭിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് രോഹിത്തിനെ പോലൊരു ലെജന്റിന് ചേരുന്ന രീതിയല്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. ഈ സീസണില്‍ തുടര്‍ച്ചയായി രോഹിത് ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം.

ഫിറ്റ്നെസ് ഇല്ലാത്തതാണ് രോഹിത്തിന്റെ പ്രധാന പ്രശ്നം. ഫീല്‍ഡിങ്ങില്‍ പോലും ടീമിനായി എന്തെങ്കിലും ചെയ്യാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് മാറി കഴിഞ്ഞു. ഇനിയും അഞ്ച് കിരീടത്തിന്റെ കണക്ക് പറഞ്ഞ് പിടിച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ തന്നെ പറയുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ ഡക്ക്, കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്തായി തുടങ്ങിയ മോശം റെക്കോര്‍ഡുകളെല്ലാം രോഹിത്തിന്റെ പേരിലാണ് ഇപ്പോള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :