5,000 റൺസ് നേടുമ്പോൾ ആ നേട്ടത്തിൽ ഏറ്റവും വേഗത്തിലെത്തുന്ന 35മത് താരം, എന്നാൽ 10,000 റൺസ് നേട്ടത്തിലെത്തുമ്പോൾ രണ്ടാമൻ: രോഹിത് ശർമയുടെ വളർച്ച പാഠപുസ്തകം

അഭിറാം മനോഹർ| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (16:03 IST)
ലോക ക്രിക്കറ്റില്‍ തന്നെ നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ രോഹിത് ശര്‍മ. എന്നാല്‍ മികച്ച പ്രതിഭയെന്ന ലേബലില്‍ ചെറുപ്പത്തില്‍ തന്നെ ടീമിലെത്താനായെങ്കിലും കരിയറിന്റെ തുടക്കക്കാലത്ത് തന്റെ സ്ഥിരതയില്ലായ്മയില്‍ സ്ഥിരം പരാതി കേള്‍ക്കപ്പെട്ട താരമായിരുന്നു രോഹിത്. മഹേന്ദ്രസിംഗ് ധോനി താരത്തെ ടോപ് ഓര്‍ഡറിലേക്ക് മാറിയ ശേഷമായിരുന്നു ഏകദിന ഫോര്‍മാറ്റില്‍ ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ താരമായി രോഹിത് മാറിയത്.

ഇന്ന് 10,000 റണ്‍സ് ക്ലബില്‍ ഏറ്റവും വേഗത്തിലെത്തുന്ന രണ്ടാമത്തെ താരമെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഈ നേട്ടത്തിലെത്തിയ രോഹിത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ആരെയും അമ്പരപ്പിക്കുന്നതാണ്. 2007ല്‍ ഏകദിനക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 3000 റണ്‍സ് പിന്നിടുമ്പോള്‍ ആ നേട്ടത്തില്‍ ഏറ്റവും വേഗത്തിലെത്തുന്ന താരങ്ങളില്‍ 97മത് സ്ഥാനത്തായിരുന്നു. 4000 റണ്‍സ് ക്ലബില്‍ എത്തുമ്പോള്‍ ഇത് 63ഉം 5000 ക്ലബിലെത്തുമ്പോള്‍ ഇത് 35മത് സ്ഥാനത്തുമായി മാറി.

തുടര്‍ന്നുള്ള രോഹിത്തിന്റെ നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. 2016ല്‍ 5000 റണ്‍സ് ക്ലബിലെത്തിയ താരം 2017ല്‍ മാത്രം നേടിയത് 1293 റണ്‍സാണ്. 2018ല്‍ 1030 റണ്‍സും 1019ല്‍ 1490 റണ്‍സും അടിച്ചെടുത്ത രോഹിത് ഈ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം നേടിയത് 3813 റണ്‍സാണ്. ഇതോടെ 8000 റണ്‍സ് അതിവേഗത്തില്‍ പിന്നിടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനായി രോഹിത് ഇടം നേടി. ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പിലെ മത്സരത്തില്‍ ഏകദിനത്തില്‍ 10,000 റണ്‍സെന്ന നാഴികകല്ല് പിന്നിടുമ്പോള്‍ 10,000 റണ്‍സ് ക്ലബില്‍ അതിവേഗത്തിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് മാത്രം പിന്നിലാണ് രോഹിത്.

241 ഇനിങ്ങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. കോലിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ വേണ്ടി വന്നത് 204 ഇന്നിങ്ങ്‌സുകളായിരുന്നു. നിലവില്‍ ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് രോഹിത്. 10,031 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 10,290 റണ്‍സുമായി ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷനാണ് രോഹിത്തിന്റെ തൊട്ടുമുന്‍പിലുള്ളത്. 13,027 റണ്‍സുമായി ഇന്ത്യയുടെ വിരാട് കോലി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. റിക്കി പോണ്ടിംഗ്. കുമാര്‍ സംഗക്കാര,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :