എവിടെ തീയുണ്ടകളും ബാബറും എന്നാലും ഇങ്ങനെയുണ്ടോ തോൽവി?

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:58 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരും പിന്നാലെയെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ എല്‍ രാഹുല്‍(111), വിരാട് കോലി(122) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ നടുവൊടിച്ചത്.

ഏകദിനത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 2008ല്‍ മിര്‍പൂരില്‍ 140 റണ്‍സിന് ഇന്ത്യയോട് തോറ്റത് ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. 1985ല്‍ ഷാര്‍ജയില്‍ 87 റണ്‍സിനും 1997ല്‍ ടൊറന്റോയില്‍ 116 റണ്‍സിനും ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഏകദിന ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലെ ഇന്ത്യയ്‌ക്കെതിരെ ഉണ്ടായത്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കയോട് 234 റണ്‍സിന് തോറ്റതാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ പരാജയം.

പാകിസ്ഥാന്റെ പേരുകേട്ട ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് ഇന്ത്യ ഇന്നലെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 10 ഓവര്‍ ബൗള്‍ ചെയ്ത പാകിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദി 79 റണ്‍സാണ് ഇന്നലെ വിട്ടുകൊടുത്തത്. നസീം ഷാ 53 റണ്‍സും ഹാരിസ് റൗഫ് അഞ്ച് ഓവറില്‍ 27 റണ്‍സും വഴങ്ങി. അതേസമയം ലോകക്രിക്കറ്റില്‍ വിരാട് കോലിയുടെ പ്രതിയോഗിയായി കണക്കാക്കുന്ന ബാബര്‍ അസം 24 പന്തില്‍ 10 റണ്‍സാണ് നേടിയത്. 50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 5 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ,ശാര്‍ദൂല്‍ താക്കൂര്‍,ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :