അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (20:51 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരും ഇന്ത്യന്‍ ബൗളര്‍മാരും തകര്‍ത്ത് കളിച്ചതോടെ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ടൂര്‍ണമെന്റിലെ പാകിസ്ഥാനുമായുള്ള രണ്ടാം മത്സരത്തിലെ വിജയം മാത്രമല്ല ലോകകപ്പ് അടുത്തുനില്‍ക്കെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഫോമിലെത്തി എന്നതും ഇന്ത്യയെ സന്തോഷിപ്പിക്കുന്നു.
എന്നാല്‍ ആദ്യ മത്സരത്തിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനുമായി ഉണ്ടായ പരാജയത്തെ പറ്റിയും ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെയുണ്ടായ പരാജയം ഏഷ്യാകപ്പില്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് ചില ആരാധകര്‍ പങ്കുവെയ്ക്കുന്നത്. അന്ന് ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ നാലുപേരും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിരുന്നു. രോഹിത് 91ഉം, ധവാന്‍ 68ഉം കോലി 81ഉം യുവരാജ് സിംഗ് 52ഉം റണ്‍സ് നേടിയ മത്സരത്തില്‍ 319ന് 3 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് പക്ഷെ 164 റണ്‍സ് നേടാനെ അന്ന് സാധിച്ചുള്ളു.
എന്നാല്‍ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഫൈനലില്‍ ഫഖര്‍ സമാന്റെ സെഞ്ചുറിയുടെയും ഹഫീസിന്റെയും അസര്‍ അലിയുടെയും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 4 വിക്കറ്റിന് 338 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുഹമ്മദ് ആമിറിന്റെ ബോളുകള്‍ക്ക് മുന്നില്‍ പതറിയപ്പോള്‍ ഇന്ത്യ 158 റണ്‍സിനാണ് പുറത്തായത്. ആദ്യ മത്സരത്തിലെ വമ്പന്‍ വിജയത്തിന്റെ സന്തോഷത്തേക്കാള്‍ ഭാരക്കൂടുതലായിരുന്നു അന്നത്തെ ഫൈനല്‍ തോല്‍വിയില്‍. ഏഷ്യാകപ്പ് ഫൈനലില്‍ വീണ്ടും ഇരുടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ സംഭവിച്ചാല്‍ പാകിസ്ഥാനെ നിസാരരായി കാണരുതെന്നും പഴയ ചരിത്രം ഓര്‍മവേണമെന്നാണ് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നത്.