അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (09:05 IST)
സ്വന്തം മണ്ണിലെ 12 വര്‍ഷക്കാലത്തെ അപരാജിത കുതിപ്പിന് ന്യൂസിലന്‍ഡിന് മുന്നില്‍ വിരാമമായതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
ശക്തമായ നിരയുമായി എത്തിയിട്ടും ന്യൂസിലന്‍ഡിനെതിരെ നേരിട്ട പരാജയം ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാര്‍ക്കെതിരെ കഷ്ടപ്പെടുന്നതായിരുന്നു ആരാധകരെ ഏറ്റവും വേദനിപ്പിച്ചത്. എന്നാല്‍ തോല്‍വിയില്‍ രോഹിത് ശര്‍മ നടത്തിയ പ്രതികരണം ആരാധകരെ വീണ്ടും നിരാശപ്പെടുത്തുന്നതാണ്.
ഞങ്ങള്‍ 2 മത്സരങ്ങളില്‍ മാാത്രമെ തോറ്റിട്ടുള്ളു. മോശം പിച്ചുകളില്‍ നിരവധി തവണ മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്. എന്താണ് നിങ്ങളാരും അതിനെ പറ്റി പറയാത്തത്. രോഹിത് മത്സരശേഷം പ്രതികരിച്ചു. ഇതാദ്യമായാണ് ഞങ്ങള്‍ തോല്‍ക്കുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിച്ച തോല്‍വി അല്ലെ, ആ തോല്‍വി അനുവദനീയമാണ്. 12 വര്‍ഷമായി ഞങ്ങള്‍ തകരുകയായിരുന്നുവെങ്കില്‍ ഒന്നും നേടുമായിരുന്നില്ല. കഴിഞ്ഞ 2 ടെസ്റ്റുകളില്‍ പരാജയപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി 18 പരമ്പരകള്‍ സ്വന്തം മണ്ണില്‍ ജയിച്ചു. അതിനര്‍ഥം ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ശരിയായി ചെയ്തു എന്നാണ് രോഹിത് പറഞ്ഞു.
നേരത്തെ ന്യൂസിലന്‍ഡിനെതിരായ ബെംഗളുരു ടെസ്റ്റിലെ തോല്‍വിയിലും രോഹിത് സമാനമായ പ്രതികരണമാണ് നടത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനമായിരുന്നു തിരിച്ചടിയായി മാറിയത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ മോശം തീരുമാനങ്ങള്‍ എടുക്കുന്നത് അനുവദനീയമാണ് എന്നായിരുന്നു അന്ന് തോല്‍വിയില്‍ രോഹിത് പ്രതികരിച്ചത്.