ഐസിസി ട്രോഫികളില്ലെങ്കിലും കഴിഞ്ഞ 3 വർഷക്കാലം മനോഹരമായിരുന്നു, നമ്മുടെ സമയവും തെളിയും : രോഹിത് ശർമ

Rohit sharma
അഭിറാം മനോഹർ| Last Modified വെള്ളി, 26 ജനുവരി 2024 (10:03 IST)
10 വര്‍ഷക്കാലത്തിന് മുകളിലായി ഐസിസി കിരീടനേട്ടങ്ങളൊന്നും തന്നെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കാത്തതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെ എത്തിയെങ്കിലും ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി സ്വന്തമാക്കിയത്. എം എസ് ധോനിയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍.

10 വര്‍ഷക്കാലത്തിന് മുകളിലായി കിരീടനേട്ടങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് രോഹിത് പറയുന്നു. അവസാന 3 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മനോഹരമായിരുന്നു. ഐസിസി ട്രോഫികള്‍ ഇല്ലെങ്കിലും മറ്റെല്ലാം തന്നെ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഒരേ ഒരു ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് നമ്മള്‍. അത് വൈകാതെ തന്നെ ഇന്ത്യ സ്വന്തമാക്കുമെന്ന് ഞാന്‍ കരുതുന്നു. പോസിറ്റീവായി കളിയെ സമീപിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിച്ചിട്ട് കാര്യമില്ല. അതൊന്നും തിരുത്താന്‍ നമുക്കാവില്ല.

ഇനി സംഭവിക്കുന്നതില്‍ മാത്രമെ നമുക്ക് എന്തെങ്കിലും ചെയ്യാനാകു. പൂര്‍ണ്ണ ഹൃദയത്തോടെ ടീമിനായി കളിക്കുക എന്നതാണ് പ്രധാനം. രോഹിത് പറഞ്ഞു. 2023ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം 2014ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പറത്തായിരുന്നു. 2015ലെ ഏകദിന ലോകകപ്പ്, 2016ലെ ടി20 ലോകകപ്പ്,2019ലെ ഏകദിന ലോകകപ്പ് എന്നിവയിലും സെമിയിലെ പരാജയങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെയും 2023ലെ ഏകദിന ലോകകപ്പിലെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 2 തവണ എത്തിയെങ്കിലും 2 തവണയും ഇന്ത്യ പരാജയപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :