കോലിയുടെ പകരക്കാരനാകുമെന്ന് വിശേഷണം ലഭിച്ച താരം, ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കുമോ?

Unmukt chand
Unmukt chand
അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജനുവരി 2024 (20:22 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഉഗാണ്ടയും പപ്പുവാ ന്യൂഗിനിയും അമേരിക്കയുമടക്കം പുതിയ പല രാജ്യങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. ഇതാദ്യമായാണ് ഐസിസി ടൂര്‍ണമെന്റ് ഇത്രയും രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നത്.വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയും പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ ടീമില്‍ 2012ല്‍ ഇന്ത്യയെ അണ്ടര്‍ 19 ചാമ്പ്യന്മാരാക്കിയ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ഉന്മുക്ത് ചന്ദ് കളിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അന്നത്തെ ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്ന സ്മിത് പട്ടേല്‍,ഹര്‍മീത് സിങ്ങ് എന്നിവരും അമേരിക്കക്കായി കളിക്കുമെന്നാണ് അറിയുന്നത്. 2012ല്‍ ജൂനിയര്‍ ലോകകപ്പില്‍ ഉന്മുക്ത് ചന്ദിന്റെ ക്യാപ്റ്റന്‍സി മികവിലാണ് ഇന്ത്യ കിരീടം നേടിയത്. 6 കളികളില്‍ നിന്ന് 246 റണ്‍സുമായി തിളങ്ങിയ ഉന്മുക്ത് ചന്ദ് ഫൈനല്‍ മത്സരത്തില്‍ 111 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ വിരാട് കോലിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുക ഉന്മുക്ത് ചന്ദാകുമെന്ന് ക്രിക്കറ്റ് ലോകം കണക്ക് കൂട്ടിയെങ്കിലും അതിന് ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഇടിയുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്,മുംബൈ ഇന്ത്യന്‍സ്,രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമായെങ്കിലും അവിടെയും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ പോലും അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് താരം 2021ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയും അമേരിക്കയിലോട്ട് മാറുകയും ചെയ്തത്. നിലവില്‍ അമേരിക്കന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യതയും ഉന്മുക്ത് ചന്ദ് നേടിയിട്ടുണ്ട്. അമേരിക്കയ്ക്ക് വേണ്ടി ഇന്ത്യയെ നേരിടേണ്ടി വരികയാണെങ്കില്‍ അത് വളരെ വിചിത്രമായ അനുഭവമാകുമെന്നാണ് ഉന്മുക്ത് ചന്ദ് പറയുന്നത്. അതൊരു പ്രതികാരമോ പകരം വീട്ടലോ അല്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ സ്വയം പരീക്ഷിക്കാനുള്ള ആഗ്രഹമാണത്, 30 വയസുകാരനായ താരം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :