രോഹിത്-രാഹുൽ സെഞ്ചുറി കൂട്ടുക്കെട്ട്: തകർന്നത് 69 വർഷം പഴക്കമുള്ള റെക്കോഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (12:29 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഓപ്പണിങ് കൂട്ടുക്കെട്ടിൽ റെക്കോഡുകൾ തകർത്തെറിഞ്ഞ് രോഹിത്-രാഹുൽ കൂട്ടുക്കെട്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഇന്ത്യയുടെ ഓപ്പണിങ് സഖ്യം തന്നത്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഈ സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഇതോടെ ലോർഡ്‌സിൽ 69 വർഷം പഴക്കമുള്ള ഒരു ഇന്ത്യൻ റെക്കോഡും സഖ്യം മറികടന്നു.

1952-ന് ശേഷം ഇതാദ്യമായാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. വിനു മങ്കാദ് - പങ്കജ് റോയ് ഓപ്പണിങ് സഖ്യമായിരുന്നു ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. 1952-ല്‍ ഓപ്പണിങ് വിക്കറ്റില്‍ 106 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനൊപ്പം ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനയച്ച ശേഷം ഓപ്പണിങ് വിക്കറ്റില്‍ ഒരു സഖ്യം തീര്‍ത്ത ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടവും ഇന്ത്യൻ സഖ്യം സ്വന്തമാക്കി. 2008-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അലസ്റ്റര്‍ കുക്കും ആന്‍ഡ്രു സ്‌ട്രോസും ചേര്‍ന്നെടുത്ത 114 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും പഴങ്കഥയാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :