പരസ്പര ധാരണ നഷ്ടമായി; രാഹുലും രോഹിത്തും തമ്മിലുള്ള കെമിസ്ട്രി ശരിയല്ലെന്ന് ലക്ഷ്മണ്‍, വിക്കറ്റ് നഷ്ടമായതിനു കാരണം അതാകാമെന്നും മുന്‍ ഇന്ത്യന്‍ താരം

രേണുക വേണു| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (20:13 IST)

കെ.എല്‍.രാഹുലും രോഹിത് ശര്‍മയും തമ്മിലുള്ള പരസ്പര ധാരണ പലപ്പോഴും നഷ്ടമായിട്ടുണ്ടെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ വി.വി.എസ്.ലക്ഷ്മണ്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായത്. രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായത് രാഹുലുമായുള്ള പരസ്പര ധാരണ നഷ്ടമായതുകൊണ്ട് ആകുമെന്നാണ് ലക്ഷ്മണ്‍ കമന്ററി ബോക്‌സില്‍ ഇരുന്ന് പറഞ്ഞത്.

പുള്‍ ഷോട്ടിനു ശ്രമിച്ചാണ് രോഹിത് ശര്‍മയ്ക്ക് വിക്കറ്റ് നഷ്ടമായത്. അങ്ങനെയൊരു ഷോട്ട് രോഹിത് കളിക്കാനുള്ള കാരണം അദ്ദേഹത്തിനു ശ്രദ്ധ നഷ്ടപ്പെട്ടതുകൊണ്ട് ആകാമെന്ന് ലക്ഷ്മണ്‍ പറയുന്നു.

'കെ.എല്‍.രാഹുലും രോഹിത് ശര്‍മയും തമ്മില്‍ പരസ്പര ധാരണക്കുറവ് ഉണ്ടായിരുന്നു. റണ്ണിനായി ഓടുന്നതിനിടയില്‍ ഇരുവരും അത്രത്തോളം കെമിസ്ട്രിയില്‍ ആയിരുന്നില്ല. റണ്‍ഔട്ട് സാധ്യതയും ഉണ്ടായി. അതിനുശേഷം രോഹിത്തിന് അല്‍പ്പം ശ്രദ്ധ നഷ്ടമായി. അതുകൊണ്ടാകും അല്‍പ്പം റിസ്‌ക്കുള്ള ഷോട്ട് രോഹിത് കളിച്ചത്,' ലക്ഷ്മണ്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :