ഇതാണ് ഞാന്‍ പന്തെറിയാത്തത് ! കോലിയുടെ ഓവറില്‍ നാല് സിക്‌സര്‍ പറത്തി രോഹിത്

ബൗളിങ്ങിന് ആത്മവിശ്വാസം കൊടുക്കേണ്ടതിനു പകരം കോലിയുടെ പന്തില്‍ യാതൊരു ദയയുമില്ലാതെ രോഹിത് സിക്‌സര്‍ പറത്തിയത് ശരിയായില്ലെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്

രേണുക വേണു| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (12:45 IST)

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല എന്ന വാര്‍ത്ത ഇന്ത്യന്‍ ക്യാംപിനെ നിരാശപ്പെടുത്തുന്നു. പാണ്ഡ്യക്ക് പകരം ആറാം ബൗളര്‍ ഓപ്ഷനായി ആര്‍ക്ക് പന്ത് കൊടുക്കും എന്നാണ് നായകന്‍ രോഹിത് ശര്‍മ തല പുകയ്ക്കുന്നത്. എന്തായാലും മൂന്ന് പേരെയാണ് രോഹിത് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ആറാം ബൗളര്‍ ഓപ്ഷനിലേക്ക് പരിഗണിക്കപ്പെടുന്നവര്‍.
ലഖ്‌നൗവിലെ പരിശീലനത്തിനിടെ ഈ മൂന്ന് പേരോടും ബൗളിങ് കൂടി പരിശീലിക്കാന്‍ രോഹിത് ആവശ്യപ്പെട്ടു. വിരാട് കോലി തന്നെയായിരുന്നു ഇതില്‍ ശ്രദ്ധാകേന്ദ്രം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അരമണിക്കൂറോളം കോലി പന്തെറിഞ്ഞു കൊടുത്തു. കോലിയുടെ പന്തില്‍ രോഹിത് നാല് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി. ഒടുവില്‍ രോഹിത്തിനെ കോലി പുറത്താക്കുകയും ചെയ്തു. ബൗളിങ്ങിന് ആത്മവിശ്വാസം കൊടുക്കേണ്ടതിനു പകരം കോലിയുടെ പന്തില്‍ യാതൊരു ദയയുമില്ലാതെ രോഹിത് സിക്‌സര്‍ പറത്തിയത് ശരിയായില്ലെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്.

രോഹിത്തിനും ശ്രേയസിനുമാണ് സൂര്യകുമാര്‍ നെറ്റ്സില്‍ പന്തെറിഞ്ഞത്. ഒടുവില്‍ രവിചന്ദ്രന്‍ അശ്വിന്‍ വന്ന് 'ബൗളര്‍ സൂര്യ'യെ കെട്ടിപ്പിടിച്ചു. പിന്നീട് രവീന്ദ്ര ജഡേജയുടെ നിരീക്ഷണത്തില്‍ 15 മിനിറ്റോളം സൂര്യ നെറ്റ്സില്‍ രോഹിത്തിനു പന്തെറിഞ്ഞു കൊടുത്തു. നെറ്റ്സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ശുഭ്മാന്‍ ഗില്‍ ബൗളറായ കാഴ്ചയാണ്. മുഹമ്മദ് സിറാജാണ് ഗില്ലിന്റെ പന്തുകളെ നേരിട്ടത്. എല്ലാ പന്തുകളും ഔട്ട് സൈഡ് എഡ്ജ് എടുക്കുന്നത് കണ്ട ഗില്‍ സിറാജിന് ഫോര്‍വേഡ് ഡിഫെന്‍സ് എങ്ങനെ കളിക്കണമെന്ന് കാണിച്ചുകൊടുത്തു. ഏകദേശം അരമണിക്കൂര്‍ ഗില്‍ ബൗളിങ് പരിശീലനം നടത്തി.
ഹാര്‍ദിക്കിന് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചാല്‍ ബാറ്റിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിക്കും. അശ്വിനെ കളിപ്പിക്കണമെങ്കില്‍ സൂര്യകുമാര്‍ യാദവിനെയോ ശ്രേയസ് അയ്യരെയോ പുറത്തിരുത്തേണ്ടി വരും. ഇങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് നൂറ് ശതമാനം ആത്മവിശ്വാസമില്ല. മറിച്ച് ഇപ്പോള്‍ ഉള്ള ബാറ്റര്‍മാരില്‍ ആരെങ്കിലും രണ്ട് പേര്‍ പാര്‍ട് ടൈം ആയി പന്തെറിഞ്ഞാല്‍ അതാകും നല്ലതെന്നാണ് രോഹിത്തിന്റെ അഭിപ്രായം. അതുകൊണ്ടാണ് കോലി, സൂര്യ, ഗില്‍ എന്നിവരോട് ബൗളിങ് പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രോഹിത് ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :