ബട്‌ലറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കണം; ഇംഗ്ലണ്ട് ടീമില്‍ പൊട്ടിത്തെറി

വളരെ മോശം ക്രിക്കറ്റാണ് തങ്ങള്‍ ഇപ്പോള്‍ കളിക്കുന്നതെന്നും വല്ലാതെ നിരാശപ്പെടുത്തുന്നുവെന്നും ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ബട്‌ലര്‍ പറഞ്ഞു

രേണുക വേണു| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:27 IST)

ലോകകപ്പിലെ മോശം പ്രകടനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളില്‍ പൊട്ടിത്തെറി. ജോസ് ബട്‌ലറെ നായകസ്ഥാനത്തു നിന്ന് നീക്കണമെന്ന് ഇംഗ്ലണ്ട് ആരാധകര്‍. ബട്‌ലറുടെ പല തീരുമാനങ്ങളും ടീമിന് തിരിച്ചടിയാകുന്നുവെന്നും ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ ബട്‌ലര്‍ക്ക് സാധിക്കുന്നില്ലെന്നും ഇംഗ്ലണ്ട് ആരാധകര്‍ വിമര്‍ശിച്ചു.

വളരെ മോശം ക്രിക്കറ്റാണ് തങ്ങള്‍ ഇപ്പോള്‍ കളിക്കുന്നതെന്നും വല്ലാതെ നിരാശപ്പെടുത്തുന്നുവെന്നും ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ബട്‌ലര്‍ പറഞ്ഞു. നായകനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ അത് തന്നില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ബട്‌ലര്‍ പറയുന്നു. നായകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടു നില്‍ക്കുകയാണെന്ന് പരോക്ഷമായി പറയുകയാണ് ബട്‌ലര്‍.

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാലിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് ഒന്‍പതാം സ്ഥാനത്താണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ഇനി സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ വിജയിച്ചാലും ഇംഗ്ലണ്ടിന് 10 പോയിന്റ് ആകുകയേ ഉള്ളൂ. അതേസമയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് നാല് മത്സരങ്ങള്‍ ശേഷിക്കെ തന്നെ 10 പോയിന്റ് ആയി. രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമുണ്ട്. 10 പോയിന്റിലേക്ക് എത്താന്‍ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രം മതി. നാലാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ആറ് പോയിന്റാണ് ഉള്ളത്. ശേഷിക്കുന്ന നാല് കളികളില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഓസീസിനും 10 പോയിന്റാകും. ഇതെല്ലാം ഇംഗ്ലണ്ടിന്റെ വഴികള്‍ അടയ്ക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :