കെ എം സുരേഷ് ആസാദ്|
Last Updated:
വെള്ളി, 4 ഒക്‌ടോബര്‍ 2019 (15:04 IST)
അല്ലെങ്കിലും സ്ഥിരമായ പിണക്കങ്ങള്‍ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ലല്ലോ. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കാര്യവും അങ്ങനെ തന്നെയാണ്. ഒരു പുഞ്ചിരിയില്‍, സ്നേഹത്തോടെ തോളത്തൊരു തട്ടലില്‍ ഒക്കെ അലിഞ്ഞുപോകാവുന്ന പിണക്കങ്ങളേ ഇരുവരും തമ്മിലുള്ളൂ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ സെഞ്ച്വറി നേടി മിന്നിയപ്പോള്‍ ഏവരും ശ്രദ്ധിച്ചത് അതിനോട് കോഹ്‌ലി എങ്ങനെ പ്രതികരിക്കുന്നു എന്നാണ്.
സെഞ്ച്വറി തികച്ച് രോഹിത് ഗ്യാലറിയിലേക്ക് ബാറ്റ് വീശി അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു വിരാട് കോഹ്‌ലി. രോഹിത്തിനെ ഓപ്പണറായി ഇറക്കാനുള്ള തന്‍റെ തീരുമാനം അര്‍ത്ഥപൂര്‍ണമായതിന്‍റെ ചാരിതാര്‍ത്ഥ്യമായിരുന്നു അപ്പോള്‍ കോഹ്‌ലിയുടെ കണ്ണുകളില്‍ തിളങ്ങിനിന്നത്.
സെഞ്ച്വറി നേടി കുതിച്ചുപാഞ്ഞ രോഹിത് ശര്‍മ ഒരു ഘട്ടത്തില്‍ അനായാസം ഇരട്ടസെഞ്ച്വറിയിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ കേശവ് മഹാരാജിനെ സിക്സര്‍ പായിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി സ്പമ്പിംഗിലൂടെ രോഹിത് പുറത്തായി. ഇരട്ടസെഞ്ച്വറി നഷ്ടമായതിന്‍റെ നിരാശയില്‍ പവലിയനിലേക്ക് പടവുകള്‍ കയറിയെത്തുന്ന രോഹിത്തിനെ കാത്ത് അവിടെ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ വിരാട് കോഹ്‌ലി.
രോഹിത്തിന്‍റെ തോളില്‍ തട്ടി അഭിനന്ദിച്ചാണ് കോഹ്‌ലി സ്വാഗതം ചെയ്തത്. ആ ഒരു നിമിഷം ഇരുവരും തമ്മിലുള്ള പിണക്കത്തിന്‍റെ ബാക്കിയുണ്ടായിരുന്ന നേരിയ മൂടല്‍ പോലും എങ്ങോ പോയ്‌മറഞ്ഞു. രോഹിത്തിന്‍റെയും കോഹ്‌ലിയുടെയും ആരാധകര്‍ ആഹ്ലാദത്തോടെയും അങ്ങേയറ്റം സംതൃപ്തിയോടെയുമാണ് ആ നിമിഷത്തെ വരവേറ്റത്.