കീപ്പറായി കെ എൽ രാഹുൽ മതി, സഞ്ജുവിന് പുറത്തേക്കുള്ള വഴി തുറന്നത് രോഹിത്തെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:06 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കിയതിൽ നിർണായകമായത് നായകൻ രോഹിത് ശർമയുടെ ഇടപെടലെന്ന് റിപ്പോർട്ട്. ഏകദിന ടീമിൽ സഞ്ജുവിനെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്.

ഇഷാൻ കിഷനൊപ്പം കെ എൽ രാഹുലിനെ കീപ്പറായി പരിഗണിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത് രോഹിത് ശർമയാണെന്നും രോഹിത് തന്നെ ഇത് സെലക്ടർമാരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി20യ്ക്ക് പുറമെ ഏകദിനത്തിലും സഞ്ജുവിനെ നിലനിർത്താനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

എന്നാൽ കെ എൽ രാഹുലിനെ ഉൾപ്പെടുത്തണമെന്ന് രോഹിത് ശർമ ശാഠ്യം പിടിക്കുകയായിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി രാഹുലിനെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ലോകകപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഏകദിനത്തിൽ സഞ്ജുവിൻ്റെ സാധ്യതകളെ ഈ നീക്കം ഇല്ലാതാക്കുമെന്നാണ് സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :