രേണുക വേണു|
Last Modified വെള്ളി, 19 ഏപ്രില്‍ 2024 (12:09 IST)
T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വേണമെന്ന് നായകന്‍ രോഹിത് ശര്‍മ. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ രോഹിത് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പന്തിനാണ് താന്‍ പ്രധാന പരിഗണന നല്‍കുന്നതെന്നാണ് രോഹിത് സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്. രോഹിത്തിന്റെ ആവശ്യം സെലക്ടര്‍മാര്‍ അംഗീകരിച്ചതായാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് പന്തിനെ ലോകകപ്പ് ടീമിലേക്ക് അടുപ്പിച്ചത്. 26 കാരനായ റിഷഭ് പന്ത് 16 മാസങ്ങള്‍ക്ക് മുന്‍പാണ് വലിയൊരു വാഹനാപകടത്തില്‍ അകപ്പെട്ടത്. അതിനു ശേഷം ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പന്തിന് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ശ്രദ്ധേയമായ ചില ഇന്നിങ്സുകള്‍ പന്ത് കളിച്ചിട്ടുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ പന്ത് ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 156.72 സ്ട്രൈക്ക് റേറ്റില്‍ 210 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. വിക്കറ്റിനു പിന്നിലും പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത്.