രേണുക വേണു|
Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (14:53 IST)
Virat Kohli: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യയുടെ ഓപ്പണറാകും. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി കോലിയെയാണ് പ്രധാനമായി പരിഗണിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ കോലിയും രോഹിത്തും ഓപ്പണ്‍ ചെയ്യുമെന്നും ഇതുസംബന്ധിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി വിരാട് കോലി ഓപ്പണ്‍ ചെയ്യുന്നുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 147.35 സ്‌ട്രൈക്ക് റേറ്റില്‍ 361 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ കൂടിയാണ് കോലി. 35 ഫോറുകളും 14 സിക്‌സുകളും താരം അടിച്ചുകൂട്ടിയിട്ടുണ്ട്. ഓപ്പണര്‍ എന്ന നിലയില്‍ കോലി മികച്ച പ്രകടനമാണ് ആര്‍സിബിക്ക് വേണ്ടി കാഴ്ചവയ്ക്കുന്നത്. കോലിക്ക് ലോകകപ്പിലും ഈ പ്രകടനം തുടരാന്‍ കഴിയുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ.
യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ രണ്ട് പേരെ ബാക്കപ്പ് ഓപ്പണര്‍മാരായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. റിയാന്‍ പരാഗും റിങ്കു സിങ്ങും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കും. സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരായിരിക്കും മധ്യനിരയില്‍. ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യം സംശയത്തിലാണ്. പാണ്ഡ്യ ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തുന്നതാണ് താരത്തെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത വര്‍ധിച്ചത്.