അത് ബട്‌ലര്‍ അല്ല, കളി ജയിക്കുമെന്ന് തോന്നിപ്പിച്ചത് മറ്റൊരു താരം, തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (10:39 IST)
ഐപിഎല്ലില്‍ ഇന്നലെയൊരു ത്രില്ലിംഗ് മത്സരം കണ്ട സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തന്നെ മൈതാനത്തില്‍ തളച്ച ആഹ്ലാദം വിജയശേഷം പറഞ്ഞറിയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പ് മറന്നില്ല. ഒരു സമയം തോല്‍വി മണത്ത കളി ജോസ് ബട്ട്‌ലറുടെ അവിശ്വസനീയമായ ഇന്നിംഗ്‌സിലേറി റോയല്‍സ് വിജയിച്ചു. തുടരെ വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് ബട്‌ലര്‍ വിജയത്തിലേക്ക് മുന്നില്‍നിന്ന് നയിച്ചത്. 60 പന്തുകളില്‍ നിന്നായി 107 റണ്‍സ് ആണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. 9 ബോറും ആറ് സിക്‌സും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.

എന്നാല്‍ ആരുടെ ഇന്നിംഗ്‌സ് കണ്ടപ്പോഴാണ് മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം റോയല്‍സ് ക്യാമ്പിന് ലഭിച്ചതെന്ന് ചോദ്യത്തിന് നായകന്‍ സഞ്ജു സാംസണ്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

നായകന്‍ പറഞ്ഞത് ബട്‌ലറുടെ പേരല്ല. വാലറ്റത്ത് ഇറങ്ങിയ റോവ്മെന്‍ പവെലായിരുന്നു സഞ്ജുവിന് പ്രതീക്ഷ നല്‍കിയ കളിക്കാരന്‍. എട്ടാം നമ്പറില്‍ ഇറങ്ങിയ പവെല്‍ 13 ബോളില്‍ മൂന്നു സിക്സറും ഒരു ഫോറുമടക്കം 26 റണ്‍സ് അടിച്ച് സ്‌കോറിങ് വേഗം കൂട്ടി.

കൊല്‍ക്കത്തിക്കെതിരെ നേടിയ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും നഷ്ടപ്പെട്ട വിക്കറ്റുകളില്‍ ഞങ്ങള്‍ക്ക് ആശ്ചര്യമാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു.റോവ്മെന്‍ ചില സിക്സറുകളടിച്ചപ്പോഴാണ് ഈ ഗെയിം വിജയിക്കാന്‍ കഴിയമെന്നു തങ്ങള്‍ക്കു തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി. കെകെആറിന്റെ പ്രകടനത്തെയും സഞ്ജു അഭിനന്ദിച്ചു. അവരുടെ സ്പിന്നര്‍മാരുടെ പ്രകടനം റോയല്‍സിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കിയതായും സഞ്ജു പറഞ്ഞു.

കെകെആറും നന്നായി കളിച്ചുവെന്നും അല്പം ഭാഗ്യം കൂടെയുണ്ടായിരുന്നെന്നും അവരുടെ സ്പിന്‍ ബൗളിംഗ് മികവുറ്റതായിരുന്നുവെന്നും സഞ്ജു പറഞ്ഞു.ഈ ഗ്രൗണ്ട് അവര്‍ക്കു നന്നായിട്ടു യോജിക്കുന്നതാണെന്നും പറഞ്ഞ് ക്യാപ്റ്റന്‍ വാക്കുകള്‍ അവസാനിപ്പിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :