അഭിറാം മനോഹർ|
Last Updated:
ശനി, 22 ഫെബ്രുവരി 2020 (14:45 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഋഷഭ് പന്തിനെ സംബന്ധിച്ച് തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ പാകത്തിലുള്ള അവസരമായിരുന്നു. ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിൽ ടീം തകർന്നപ്പോളാണ് പന്ത് ക്രീസിൽ എത്തുന്നത്. മത്സരത്തിന്റെ ഉത്തരാവാദിത്തമേറ്റെടുത്ത് പതിവ് അക്രമണ ശൈലി വിട്ട് പ്രതിരോധത്തിലൂന്നിയാണ് പന്ത് കളിച്ചത്. ഒരു മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യൻ ഇന്നിങ്സിനെ രക്ഷിക്കാൻ കഴിയുമായിരുന്ന കൂട്ടുക്കെട്ട് പക്ഷെ പിരിഞ്ഞത് നിർഭാഗ്യകരമായ റണ്ണൗട്ടിലൂടെയായിരുന്നു. മത്സരത്തിൽ 53 പന്തിൽ ഒരു ഫോറും സിക്സും അടക്കം 19 റൺസ് എടുത്താണ് പന്ത് മടങ്ങിയത്.
ഇന്ത്യൻ ഇന്നിങ്സിലെ 59ആം ഓവറിലാണ് സംഭവം. പന്ത് ഓഫ് സൈഡിലേക്ക് തട്ടിയിട്ട രഹാനെ സിംഗിളിനായി ഓടി. പന്ത് അജാസ് പട്ടേലിന്റെ കൈകളിലേക്കു നീങ്ങുന്നതു കണ്ട പന്ത് പക്ഷേ സിംഗിളിനായി താൽപ്പര്യം കാണിച്ചില്ല. പക്ഷേ രാഹനെ റൺസിനായി ഓടിയതോടെ പന്തും ഓടി. അപ്പോഴേക്കും അജാസ് പട്ടേലിന്റെ നേരിട്ടുള്ള ത്രോയിൽ വിക്കറ്റ് തെറിച്ചിരുന്നു. ഔട്ടായതിൽ തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാനാകാതെ ഒരു മാസത്തിലധികം ബെഞ്ചിലിരുന്ന പന്തിന്റെ ഔട്ടിന് കാരണക്കാരൻ രാഹനെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണം. ഇല്ലാത്ത റൺസിനായി ഓടി രഹാനെ പന്തിന്റെ വിക്കറ്റ് ബലി നൽകിയെന്നും ആരാധകർ വിമർശനമുന്നയിക്കുന്നുണ്ട്.