ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകനാകുക റിഷഭ് പന്ത് തന്നെ; രോഹിത്തിനെ തഴയാന്‍ സാധ്യത

രേണുക വേണു| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (16:39 IST)

വിരാട് കോലി സ്ഥാനമൊഴിയുന്നതോടെ ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ റിഷഭ് പന്ത് എത്തിയേക്കുമെന്ന് സൂചന. അടുത്ത ടി 20 ലോകകപ്പ് കൂടി പരിഗണിച്ച് വേണം പുതിയ നായകനെ തീരുമാനിക്കാനെന്ന് ബിസിസിഐയിലെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ടീമിന്റെ ഭാവി കൂടി പരിഗണിച്ച് യുവ താരങ്ങളില്‍ ഒരാളെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാണ് ഉചിതമെന്ന് ബിസിസിഐ ഉന്നതാധികാര ശ്രേണിയിലെ അംഗങ്ങള്‍ ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ അറിയിച്ചതായാണ് സൂചന. വിരാട് കോലിക്ക് പകരം അദ്ദേഹത്തേക്കാള്‍ പ്രായം കൂടുതലുള്ള രോഹിത് ശര്‍മയെ നായകനാക്കുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് പലരുടെയും അഭിപ്രായം.

ഐപിഎല്‍ പ്രകടനം കൂടി പരിഗണിച്ചാണ് രോഹിത്തിനെ തഴയുന്ന സമീപനത്തിലേക്ക് ബിസിസിഐ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച രീതിയില്‍ നയിക്കാന്‍ റിഷഭ് പന്തിന് സാധിക്കുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ മികച്ച സേവനങ്ങള്‍ ടീമിനായി സംഭാവന ചെയ്യാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തല്‍. നേരത്തെ രോഹിത് ശര്‍മയെ നായകനാക്കാനും റിഷഭ് പന്തിനെ ഉപനായകനാക്കാനുമാണ് ബിസിസിഐ ആലോചിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :