അഭിറാം മനോഹർ|
Last Modified ഞായര്‍, 2 ജൂണ്‍ 2024 (08:35 IST)
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിച്ച് റിഷഭ് പന്ത്. സഞ്ജു സാംസണ്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയെങ്കിലും നേരിട്ട ആറ് പന്തില്‍ നിന്നും വെറും ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ലോകകപ്പിന് തൊട്ടുമുന്‍പ് മികവ് തെളിയിക്കാനുള്ള അവസരമാണ് സഞ്ജു ഇക്കുറി പാഴാക്കിയത്. ഷൊറിഫുള്‍ ഇസ്ലാമിനാണ് സഞ്ജുവിന്റെ വിക്കറ്റ്.
അതേസമയം സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് ഇന്നലെ തനിക്ക് കിട്ടിയ അവസരം മുതലാക്കി എന്തുകൊണ്ടാണ് താന്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനെന്നത് വീണ്ടും തെളിയിച്ചു. 32 പന്തില്‍ നിന്നും 53 റണ്‍സുമായി തിളങ്ങിയ പന്തിന്റെ കൂടി പ്രകടനമികവില്‍ 182 റണ്‍സാണ് മത്സരത്തില്‍ ഇന്ത്യ നേടിയത്. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്ങ്‌സ്. ഈ പ്രകടനത്തിന് പിന്നാലെ റിഷഭ് പന്ത് തന്നെയാകണം ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
വലിയ സ്റ്റേജുകളില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണെന്നും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും ആരാധകര്‍ പറയുന്നു. അതേസമയം ഇടം കയ്യന്‍ ബാറ്ററെന്നതും അണ്‍ ഓര്‍ത്തഡോക്‌സ് ബാറ്ററാണെന്നതും പന്തിന് ഗുണകരമാണെന്നും ആരാധകരില്‍ ഒരു വിഭാഗം പറയുന്നു. ലോകകപ്പിന് മുന്‍പ് ടീം ഇന്ത്യ വെച്ച പരീക്ഷയായിരുന്നു ഇപ്പോള്‍ നടന്നതെന്നും അതില്‍ വിജയിച്ചത് പന്താണെന്നുമാണ് ചിലരുടെ അഭിപ്രായം. അതേസമയം കിട്ടിയ അവസരം സഞ്ജു കൈവിട്ടതില്‍ നിരാശ പ്രകടിപ്പിക്കുന്നവരും ഏറെയാണ്.