RCB vs PBKS: കെജിഎഫ് ഇന്ന് അഴിഞ്ഞാടും, ചിന്നസ്വാമിയില്‍ റണ്‍മഴ പിറക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

RCB IPL
അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (15:47 IST)
RCB IPL
വനിതാ പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തോടെ 17 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്കാണ് ആര്‍സിബി ഈ വര്‍ഷം അറുതിയിട്ടത്. വനിതകള്‍ കിരീടനേട്ടം സ്വന്തമാക്കിയെങ്കിലും കോലിയുള്‍പ്പെടുന്ന മികച്ച ബാറ്റിംഗ് നിരയുണ്ടായിട്ടും പുരുഷ വിഭാഗത്തില്‍ ഒരു കിരീടനേട്ടമില്ല എന്നത് തെല്ലൊന്നുമല്ല ആര്‍സിബി ആരാധകരെ അലട്ടുന്നത്. വനിതാ പ്രീമിയര്‍ ലീഗ് വിജയത്തിന് പിന്നാലെ ആദ്യ മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടതിന് ശേഷം തങ്ങളുടെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ആര്‍സിബി.

ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ഡല്‍ഹിയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി വരുന്ന പഞ്ചാബാണ് ഇന്ന് ആര്‍സിബിയുടെ എതിരാളികള്‍. വിരാട് കോലിയും,ഗ്ലെന്‍ മാക്‌സ്വെല്ലും ഫാഫ് ഡുപ്ലെസിസും ചേരുന്ന കെജിഎഫ് സഖ്യത്തെ ചുറ്റിപറ്റിയാണ് ആര്‍സിബിയുടെ എല്ലാ പ്രതീക്ഷകളുമുള്ളത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ബൗളിങ് തന്നെയാണ് ഇക്കുറി ബെംഗളുരുവിന്റെ ദൗര്‍ബല്യം. അതേസമയം മധ്യനിരയില്‍ അനുജ് റാവത്തും ദിനേഷ് കാര്‍ത്തിക്കും മികച്ചരീതിയില്‍ ബാറ്റ് ചെയ്തു എന്നത് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് ടീമില്‍ ജോണി ബെയര്‍സ്‌റ്റോ,സാം കരണ്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ ഇംഗ്ലണ്ട് എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. കഗിസോ റബാഡ,ആര്‍ഷദീപ് സിങ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. ചിന്നസ്വാമിയിലെ ചെറിയ ഗ്രൗണ്ടില്‍ ബാറ്റിംഗ് തന്നെയാകും വിജയികളെ തീരുമാനിക്കുക. കെജിഎഫ് സഖ്യം ഇന്ന് അഴിഞ്ഞാടുമെന്നും അത് വഴി സീസണിലെ ആദ്യ വിജയം സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേടാമെന്നുമുള്ള പ്രതീക്ഷയിലാണ് ആര്‍സിബി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :