അഭിറാം മനോഹർ|
Last Updated:
വ്യാഴം, 23 ഡിസംബര്‍ 2021 (20:47 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് ടീം നായകനായ വിരാട് കോലിയുടെ മോശം ഫോം. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവത്തിൽ കോലിയിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. രണ്ട് വർഷമായുള്ള സെഞ്ചുറി വരൾച്ചയ്ക്ക് ദക്ഷിണാഫ്രിക്കയിൽ അവസാനമാകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ കണക്ക് കൂട്ടുന്നത്.
ഇപ്പോഴിതാ വിമർശനങ്ങൾ ഉയരുമ്പോള്‍ ബാറ്റുകൊണ്ട് മറുപടി പറയുന്നതാണ് വിരാട് കോലിയുടെ രീതിയെന്നും അത് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കോലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്നാണ് കരുതുന്നത്. കാരണം വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ബാറ്റുകൊണ്ട് മറുപടി പറയാന്‍ കോലിക്കായിട്ടുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോലിക്ക് വിജയിക്കാനായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. രാജ്‌കുമാർ ശർമ പറഞ്ഞു.
അതേസമയം പൂജാരയും രഹാനെയുമടക്കമുള്ള സീനിയർ താരങ്ങളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയം നേടാൻ കോലിയുടെ മികച്ച പ്രകടനം ടീമിന് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിൽ അഞ്ച് ടെസ്റ്റിൽ നിന്നും 2 സെഞ്ചുറിയടക്കം 550ലധികം റൺസാണ് കോലി നേടിയിട്ടുള്ളത്.