രേണുക വേണു|
Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (08:58 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ എന്നറിയപ്പെടുന്ന ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനത്തേക്ക്. ടി 20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിയും. ശാസ്ത്രിക്ക് പകരക്കാരനെ തേടുകയായിരുന്നു ബിസിസിഐ. രാഹുല്‍ ദ്രാവിഡിനെയാണ് ബിസിസിഐ ആദ്യം സമീപിച്ചത്. എന്നാല്‍, ജൂനിയര്‍ ടീം പരിശീലകനായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലപ്പത്തുനിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യ പരിശീലകസ്ഥാനത്തേക്കുള്ള ക്ഷണം ദ്രാവിഡ് നിരസിച്ചതായാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിസിസിഐയുടെ താല്‍പര്യത്തിനു ദ്രാവിഡ് വഴങ്ങിയതായി പറയുന്നു.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആകുമെന്ന് രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലപ്പത്തുനിന്ന് ദ്രാവിഡ് ഉടന്‍ സ്ഥാനമൊഴിയും,' ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടി 20 ലോകകപ്പിനു ശേഷമുള്ള ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് കോടി രൂപയ്ക്കായിരിക്കും ദ്രാവിഡിന്റെ കരാര്‍. 2023 ഏകദിന ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന്റെ കാലയളവ്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ ഇടപെടലാണ് ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് സൂചന. താല്‍പര്യമില്ലെന്നു പറഞ്ഞ് മാറിനില്‍ക്കുകയായിരുന്ന ദ്രാവിഡിനെ അനുനയിപ്പിക്കാന്‍ ഗാംഗുലി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് സൂചന.