രേണുക വേണു|
Last Modified വ്യാഴം, 22 ജൂണ്‍ 2023 (11:45 IST)
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ചേതേശ്വര്‍ പുജാര പുറത്തേക്ക്. സമീപകാലത്തെ മോശം പ്രകടനങ്ങള്‍ കണക്കിലെടുത്താണ് പുജാരയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്. പുജാരയുടെ ടെസ്റ്റ് കരിയറിന് ഇതോടെ അവസാനമാകുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഇനിയും അവസരം ലഭിക്കുമെങ്കിലും പുജാരയുടെ കാര്യം സംശയത്തിലാണ്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരായി നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പുജാരയെ പരിഗണിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും നിലപാട്.
രണ്ട് യുവതാരങ്ങളെയാണ് പുജാരയ്ക്ക് പകരക്കാരായി ബിസിസിഐ പരിഗണിക്കുന്നത്. യഷ്വസി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവരാണ് പുജാരയുടെ പകരക്കാരായി ഇന്ത്യന്‍ ടീമിലേക്ക് ഊഴം കാത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവര്‍ക്കും അവസരം നല്‍കാനാണ് സാധ്യത. അതേസമയം ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ തലമുറ മാറ്റം നടപ്പിലാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.