കോലിക്കില്ലാത്ത നേട്ടം, ബോർഡർ-ഗവാസ്കർ ട്രോഫി എലൈറ്റ് പട്ടികയ്ക്കരികെ പുജാര

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (08:54 IST)
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് നാഗ്പൂരിൽ ഇന്ന് തുടക്കമാവാനിരിക്കെ ഇന്ത്യൻ നിരയിൽ ശ്രദ്ധേയതാരമായ ചേതേശ്വർ പുജാരയെ കാത്ത് വമ്പൻ റെക്കോഡ്. ഇന്ത്യൻ താരം വിരാട് കോലിക്ക് എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് പുജാരയെ കാത്തിരിക്കുന്നത്. നിലവിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസീസിനെതിരെ 20 ടെസ്റ്റിൽ 54.08 ശരാശരിയിൽ 1893 റൺസാണ് നേടിയിട്ടുള്ളത്. 204 റൺസ് കൂടി സ്വന്തമാക്കാനായാൽ ഓസീസിനെതിരെ 2000 ടെസ്റ്റ് റൺസുകൾ എന്ന നേട്ടം പുജാരയ്ക്ക് സ്വന്തമാകും.

നിലവിൽ 3 ഇന്ത്യൻ താരങ്ങൾ മാത്രമാണ് ടെസ്റ്റിൽ ഓസീസിനെതിരെ 2000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടിട്ടുള്ളത്. സച്ചിൻ ടെൻഡുൽക്കർ (9 ടെസ്റ്റിൽ നിന്നും 3630 റൺസ്), വിവിഎസ് ലക്ഷ്മൺ (29 ടെസ്റ്റിൽ നിന്നും 2434 റൺസ്) രാഹുൽ ദ്രാവിഡ് (32 ടെസ്റ്റിൽ 2143 റൺസ്) എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കോളിക്ക് 20 ടെസ്റ്റിൽ 1682 റൺസാണ് ഓസീസിനെതിരെയുള്ളത്. ഇത്തവണത്തെ പരമ്പരയിൽ തിളങ്ങിയാൽ കോലിക്കും 2000 ക്ലബിൽ ഇടം നേടാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :