‘ഇത് എന്റെ വിധിയാണ്’; സസ്പെൻഷനിൽ പ്രതികരണവുമായി പൃഥ്വി ഷാ

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.

Last Modified ബുധന്‍, 31 ജൂലൈ 2019 (09:37 IST)
ഉത്തേജക മരുന്ന് പരിശോധനയിൽ ശരീരത്തിൽ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ കൗമാര താരം പൃഥ്വി ഷായ്ക്ക് ബിസിസിഐയുടെ വിലക്ക്. ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് വിലക്ക്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഷായ്ക്ക്, 2018–19 സീസണിലെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എട്ട് മാസത്തേയ്ക്ക് വിലക്കേർപ്പെടുത്തിയത്. മാർച്ച് 16 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിലക്ക്. നവംബർ 15നു കാലാവധി അവസാനിക്കും.

ബിസിസിഐയുടെ വിലക്ക് ലഭിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി പൃഥ്വി ഷാ എത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു.

"ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു”, ഷാ പറഞ്ഞു. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു"

കഫ് സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവാണ് ഷായ്ക്ക് തിരിച്ചടിയായത്. ഈ വർഷം ഫെബ്രുവരി 22ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മൽസരത്തിനു മുന്നോടിയായി പൃഥ്വി ഷാ ഉത്തജക മരുന്നു പരിശോധനയ്ക്കായി മൂത്ര സാംപിൾ നൽകിയിരുന്നു. ഉത്തേജക നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നടത്തുന്ന പതിവു പരിശോധനയാണിത്. ഇതിലാണ് ഷാ കുടുങ്ങിയത്. ബിസിസിഐയുടെ ഉത്തേജക–വിരുദ്ധ നിയമ പ്രകാരമാണ് നടപടി.

ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്ന മരുന്നാണ് ഉപയോഗിച്ചതെന്നും പ്രകടനത്തെ സ്വാധീനിക്കുന്നതുമല്ലെന്ന ഷായുടെ വിശദീകരണം ബോധ്യപ്പെട്ടതിനാലാണ് വിലക്ക് എട്ടു മാസത്തേയ്ക്ക് പരിമിതപ്പെടുത്തിയതെന്നു ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ചു വിദഗ്ധരുടെ അഭിപ്രായവും ബിസിസിഐ തേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :