രോഹിത് ഉടക്കിയാല്‍ പ്രശ്‌നം, കോഹ്‌ലിയാണ് ശക്തി; ശാസ്‌ത്രിയുടെ നിലനില്‍പ്പ് ഇങ്ങനെ!

ravi shastri , india head , BCCI , kohli , team india , Ravi Shastri , Rohit , ഇന്ത്യ , ലോകകപ്പ് , രോഹിത് ശര്‍മ്മ , ധോണി , രവി ശാസ്‌ത്രി
മുംബൈ| Last Modified വ്യാഴം, 18 ജൂലൈ 2019 (16:25 IST)
ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീം പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഉയര്‍ന്ന ശബ്ദമാണ് ടീമില്‍ അഴിച്ചുപണി ആവശ്യമെന്നത്. യുവരക്തങ്ങള്‍ ടീമിലെത്തണമെന്ന ആവശ്യത്തിനൊപ്പം ധോണിയടക്കമുള്ള സീനിയര്‍ താരങ്ങളെ ഇനി പരിഗണിക്കേണ്ട എന്ന ആവശ്യവും ശക്തമായി,

അഴിച്ചുപണി ആവശ്യമെങ്കില്‍ പരിശീലകന്‍ രവി ശാസ്‌ത്രിയടക്കമുള്ളവരെ നീക്കണമെന്ന ആവശ്യവും ശക്തമായി. പരിശീലന കാലാവധി കഴിഞ്ഞ ശാസ്‌ത്രിയടക്കമുള്ളവരെ തള്ളി ബിസിസിഐ പുതിയ പരിശീലക സംഘത്തിനായി അപേക്ഷ ക്ഷണിച്ചു.

എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് ശാസ്‌ത്രി തന്നെ തുടരുമെന്നാണ് ബിസിസിഐയിലെ മുതിർന്ന അംഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു നിരവധി കാര്യങ്ങളുണ്ട്. ശാസ്‌ത്രിയെ നിലനിര്‍ത്താനാണ് യോഗ്യതാ മാനദണ്ഡത്തില്‍ 60 വയസ് എന്ന് പ്രത്യേകം ചേര്‍ത്തിരിക്കുന്നത്. അദ്ദേഹത്തിനിപ്പോള്‍ 57 വയസ് മാത്രമാണുള്ളത്.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ അടുത്ത സുഹൃത്തും, ടീമിലെ യുവതാരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് ശാസ്‌ത്രി. അദ്ദേഹത്തിന്റെ പരിശീലന രീതികളോട് താരങ്ങള്‍ക്ക് വലിയ മതിപ്പുമുണ്ട്. ധോണിയടക്കമുള്ള ടീമിലെ വമ്പന്മാരെ ഒരേ കുടക്കീഴില്‍ നിര്‍ത്താന്‍ ശാസ്‌ത്രിക്കേ കഴിയൂ എന്ന വിശ്വാസവും ബോര്‍ഡിലുണ്ട്.

ടെസ്‌റ്റില്‍ ഒന്നാം റാങ്കും ഏകദിനത്തില്‍ രണ്ടാം റാങ്കുമായി ടീം നില്‍ക്കുന്നത് ശാസ്‌ത്രിക്ക് കീഴിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണിലെത്തി ടെസ്‌റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്‌തു. ഈ നേട്ടങ്ങള്‍ ടീമിന് സമ്മാനിച്ചയാളെ ഒരു മത്സരത്തിലെ തോല്‍‌വിയുടെ പേരില്‍ തള്ളിപ്പറയേണ്ടതില്ല എന്നാണ് ബിസിസിഐയിലെ പേരു വെളിപ്പെടുത്താത്ത ചില അംഗങ്ങള്‍ പറയുന്നത്.

അതേസമയം, ടീമില്‍ ഉണ്ടെന്ന് പറയപ്പെടുന്ന രോഹിത് ശര്‍മ്മയുടെ കീഴിലുള്ള വിഭാഗത്തിന് ശാസ്‌ത്രിയോട് താല്‍പ്പര്യമില്ല. കോഹ്‌ലിയുമായി ചേര്‍ന്ന് ഏകപക്ഷിയമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതും വൈസ്‌ ക്യാപ്‌റ്റന്റെ വാക്കുകള്‍ക്ക് വില നല്‍കാത്തതുമാണ് ഇവരെ ചൊടിപ്പിക്കുന്നത്. സൂപ്പർതാരങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന പരിശീലകനെന്ന ചീത്തപ്പേരും ശാസ്‌ത്രിക്കുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ എതിര്‍പ്പ് കണ്ടില്ലെന്ന് നടിക്കാന്‍ ബി സി സി ഐക്ക് കഴിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :