അഭിറാം മനോഹർ|
Last Modified ബുധന്‍, 27 നവംബര്‍ 2024 (11:27 IST)
ഐപിഎല്‍ താരലേലത്തില്‍ ആരും തന്നെ ടീമിലെടുക്കാതിരുന്നതിനെ പറ്റിയും തനിക്ക് നേരെ ഉയരുന്ന ട്രോളുകളെ പറ്റിയും പ്രതികരണവുമായി പൃഥ്വി ഷാ. തന്നെ കുറിച്ച് വരുന്ന ട്രോളുകളെല്ലാം കാണുന്നുണ്ടെന്നും ചിലതെല്ലാം വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും പൃഥ്വി ഷാ പറഞ്ഞു.
ട്രോളുകള്‍ അത്ര നല്ല കാര്യമാണെന്ന് തോന്നിയ്യിട്ടില്ല. അതെല്ലാം ഒരു മോശം കാര്യവുമല്ല. എങ്കിലും ചില ട്രോളുകളെല്ലാം ഞാന്‍ കാണാറുണ്ട്. അതില്‍ ചില ട്രോളുകള്‍ വേദനിപ്പിക്കാറുണ്ട്. എവിടെപോയാലും ആളുകള്‍ പറയുന്നത് ഞാന്‍ പരിശീലനത്തിന് ഇറങ്ങാറില്ല എന്നെല്ലാമാണ്. എന്റെ പിറന്നാള്‍ ദിനത്തില്‍ സഹോദരിമാരോടും സുഹൃത്തുക്കളോടുമൊപ്പം നൃത്തം ചെയ്തത് പോലും ആളുകള്‍ ആഘോഷിച്ച് ട്രോളാക്കി. എനിക്ക് ഒരു ദിവസം പോലും ആഘോഷിക്കാന്‍ അവകാശമില്ലെ എന്നാണ് ചോദിക്കാനുള്ളത് പൃഥ്വി ഷാ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്റെ പിന്‍ഗാമിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന പൃഥ്വി ഷാ 18 വയസില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ബാറ്റിംഗ് ദൗര്‍ബല്യം എന്തെന്ന് കണ്ടെത്തിയ എതിരാളികള്‍ അത് മുതലെടുത്തു. എന്നാല്‍ കരിയറിന്റെ തുടക്കകാലമായിട്ട് പോലും ടെക്‌നിക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും പൃഥ്വി ഷായുടെ ഭാഗത്ത് നിന്നുണ്ടായില്ല. കൃത്യമായി പരിശീലനമില്ലാത്തതും അമിതഭാരവുമെല്ലാം രഞ്ജി ടീമില്‍ നിന്ന് പോലും പൃഥ്വി ഷായുടെ സ്ഥാനം നഷ്ടമാകുന്നതിന് കാരണമായിരുന്നു. എന്നാല്‍ ഐപിഎല്ലിന് മുന്‍പായി മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കായി പൃഥ്വി ഷാ കളിക്കാനിറങ്ങിയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 75 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന പൃഥ്വിയെ ലേലത്തില്‍ ഒരു ടീമില്‍ വിളിച്ചെടുത്തില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്.