മുംബൈ|
jibin|
Last Modified ചൊവ്വ, 5 ജനുവരി 2016 (15:13 IST)
ഇതിഹാസതാരങ്ങളായ ഡോണ്‍ ബ്രാഡ്‌മാനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും സാധിക്കാത്തത് പ്രണവ് ധൻവാദേ സ്വന്തമാക്കി. സ്‌കൂള്‍ ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സില്‍ 1000 റണ്‍സെന്ന ലോക റെക്കോർഡാണ് ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിയ്ക്കുന്ന എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് പ്രണവിന്റെ ചരിത്ര നേട്ടം.
ക്രിക്കറ്റിന്റെ എല്ലാ രൂപത്തിലേയും ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പ്രണവ് സ്വന്തമാക്കിയത്. 317 ബോളിൽ നിന്ന് 129 ഫോറുകളും 59 സിക്‌സറുകളും നേടിയാണ് പ്രണവ് ആയിരം റൺസ് നേടിയത്.
ടീം സ്‌കോർ 2 വിക്കറ്റ് നഷ്‌ടത്തിൽ 1465ൽ നിൽക്കവെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്‌തതിനാൽ 1009 റൺസിൽ പ്രണവിന്റെ ബാറ്റിംഗും അവസാനിച്ചു.
ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഇംഗ്ളീഷുകാരനായ എഇജെ കോളിന്‍സിന്റെ പേരിലുണ്ടായിരുന്ന 117 വര്‍ഷം പഴക്കമുള്ള ലോകറിക്കാര്‍ഡാണ് പ്രണവ് തകര്‍ത്തത്. 1899ല്‍ നോര്‍ത്ത് ടൌണിനെതിരെ ക്ളാര്‍ക്ക് ഹൌസിനുവേണ്ടി 628 റണ്‍സായിരുന്നു കോളിന്‍സ് നേടിയത്. ഇതിഹാസ താരം ബ്രയാൻ ലാറ നേടിയ 501 റൺസാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്‌കോർ. 1994ൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് മത്സരത്തിലായിരുന്നു ലാറയുടെ നേട്ടം. 1901ൽ ഓസ്‌ട്രേലിയക്കാരനായ ചാൾസ് ഈഡി 561 റൺസ് നേടിയിരുന്നു. മുംബയ്‌കാരനായ പൃഥ്വി ഷാ 2013ൽ 546 റൺസ് സ്‌കോർ ചെയ്‌തിരുന്നു.
കല്യാണ്‍ സ്വദേശിയായ പ്രണാവിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മകന്റെ സ്വകോര്‍ 300കടന്ന ശേഷമാണ് പിതാവ് കളി കാണാന്‍ എത്തിയത്.