ഒരൽപ്പം സമാധാനം നൽകു, പന്തിന് മുന്നിൽ സമയം ഏറെയെന്ന് ഇന്ത്യൻ ടീം മുഖ്യ സിലക്ടർ

അഭിറാംന്മനോഹർ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (15:05 IST)
തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും ബാറ്റിങ്ങിലും ബൗളിങ്ങിലും ഇതുവരെയും തന്റെ പ്രതിഭക്കൊത്ത പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ട ബാറ്റ്സ്മാനാണ് റിഷഭ് പന്ത്. ധോണിയുടെ പിൻഗാമിയായി ടീമിലെത്തിയ പന്തിന് ഇതുവരെയും ആ ഉത്തരവാദിത്തത്തോട് യോജിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. മികച്ച ഫോമിലുള്ള സഞ്ജുവിനെ പോലുള്ള യുവതാരങ്ങൾ ഒരു അവസരത്തിനായി വെളിയിൽ നിൽക്കുമ്പോൾ പന്തിന് തുടരെ അവസരങ്ങൾ നൽകുന്നത് ആരാധകർക്കിടയിലും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ കട്ടക്കിലെ ഏകദിനത്തിൽ മാത്രം നാല് ക്യാച്ചുകളാണ് ഇന്ത്യൻ കീപ്പർ കൈവിട്ടത്.

എന്നാൽ പന്തിന്റെ പ്രകടനത്തിൽ ആശങ്കവേണ്ടെന്നും പ്രകടനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്നുമാണ് മുഖ്യ സെലക്ടറായ എം എസ് കെ പ്രസാദ് പറയുന്നത്. അത് മാത്രമല്ല പന്തിന്റെ കീപ്പിങ് നിലവാരം ഉയർത്താൻ ഒരു പ്രത്യേക പരിശീലകനെ വെക്കുന്നതിനെ പറ്റിയും പ്രസാദ് സൂചിപ്പിച്ചിരുന്നു.

പന്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ ടീമിലെത്തിയ താരമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റിൽ കാര്യമായ അവസരങ്ങൾ കിട്ടിയിട്ടില്ല. ബാറ്റിങ് മികവ് പുലർത്തുമ്പോൾ കീപ്പിങിലെ പോരായ്മകൾ അത്ര പ്രശ്നമാക്കുന്നില്ല. പക്ഷേ ബാറ്റിങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അത് കീപ്പിങിനെ പലപ്പോളും ബാധിക്കുന്നുണ്ട്. കീപ്പിങ് നന്നാവുന്നില്ലെങ്കിൽ അത് ബാറ്റിങിനേയും ബാധിക്കുന്നു. ഒപ്പം സമ്മർദ്ദം ഉണ്ടാവുന്നതാണ് ബോൾ കയ്യിൽ നിന്നും പോകുന്നതിന് കാരണം സമാധാനത്തോടെ ഇരിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരമെന്നും പന്തിന് മെച്ചപ്പെടാൻ ഇനിയും അവസരങ്ങളുണ്ടെന്നും പ്രസാദ് പറഞ്ഞു.

വ്രുദ്ധിമാൻ സാഹയെ പോലെ വിശ്രമം ലഭിച്ചാൽ പന്തിൽ നിന്ന് മികച്ച പ്രകടനങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെല്ലാമെതിരെ ടെസ്റ്റിൽ സെഞ്ച്വറികൾ നേടാൻ കഴിവുള്ള താരത്തെ ആവശ്യമുള്ളത് കൊണ്ടാണ് പിന്തുണ നൽകുന്നതെന്നും .ഒരു വട്ടം വലിയ റൺസ് സ്കോർ ചെയ്യാൻ സാധിച്ചാൽ കീപ്പിങിലും പന്തിന് മികവ് വീണ്ടെടുക്കാൻ പറ്റുമെന്നും പ്രസാദ് അവകാശപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :