ടി20 ലോകകപ്പ് സെമി: ന്യൂസിലൻഡിന് പാകിസ്ഥാനെ വീഴ്ത്തുക എളുപ്പമല്ല, കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (20:45 IST)
ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനും ന്യൂസിലൻഡും നാളെ ഏറ്റുമുട്ടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30നാണ് മത്സരം ആരംഭിക്കുക. ലോകകപ്പിൽ ഇതുവരെയും തങ്ങളുടെ കഴിവിനൊത്ത പ്രകടനങ്ങളൊന്നും കാഴ്ചവെച്ചിട്ടില്ലെങ്കിലും ന്യൂസിലൻഡിന് പാകിസ്ഥാൻ ഭീഷണിയാകുമെന്നാണ് ടീമുകളുടെ മുൻ പ്രകടനങ്ങൾ തെളിവ് നൽകുന്നത്.

ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണയാണ് ഒരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. മൂന്നിലും വിജയം പാകിസ്ഥാനൊപ്പമായിരുന്നു.92ലെ ഏകദിന ലോകകപ്പിൽ 37 പന്തിൽ നിന്നും 60 റൺസുമായി ഇൻസമാം തകർത്തടിച്ചുകൊണ്ട് ന്യൂസിലൻഡിൻ്റെ കയ്യിൽ നിന്നും വിജയം പിടിച്ചുവാങ്ങുകയായിരുന്നു. 1999ലെ ലോകകപ്പിൽ ഷോയെബ് അക്തർ 3 വിക്കറ്റ് കൊണ്ടും സയ്യിദ് അൻവറുടെ സെഞ്ചുറി പ്രകടനം കൊണ്ടും പാക് 9 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി.

2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു മൂന്നാം മത്സരം. കേപ്ടൗണിൽ നടന്ന മത്സരത്തിൽ 15 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുമായി ഉമർ ഗുൽ തിളങ്ങിയപ്പോൾ 7 പന്തുകൾ ശേഷിക്കെ പാകിസ്ഥാൻ വിജയം സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :