രേണുക വേണു|
Last Modified ശനി, 10 ജൂണ്‍ 2023 (23:02 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 444 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത് 280 റണ്‍സ്. നാലാം ദിനം കളി പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. കോലി 60 പന്തില്‍ ഏഴ് ഫോര്‍ സഹിതം 44 റണ്‍സും രഹാനെ 59 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 20 റണ്‍സും നേടിയിട്ടുണ്ട്. രോഹിത് ശര്‍മ (60 പന്തില്‍ 43), ശുഭ്മാന്‍ ഗില്‍ (19 പന്തില്‍ 18), ചേതേശ്വര്‍ പുജാര (47 പന്തില്‍ 27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
അഞ്ചാം ദിനം ആദ്യ സെഷനില്‍ പിടിച്ചു നില്‍ക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോലിയിലും രഹാനെയിലും നിക്ഷിപ്തമായിരിക്കുന്നത്. ആദ്യ സെഷന്‍ പിടിച്ചുനില്‍ക്കാനായാല്‍ ഇന്ത്യക്ക് ഓവലില്‍ ഐതിഹാസിക വിജയം സ്വപ്‌നം കാണാം. രവീന്ദ്ര ജഡേജ, കെ.എസ്.ഭരത്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നിര്‍ണായകമാണ്. രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 270 റണ്‍സ് ആയപ്പോള്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.