അഭിറാം മനോഹർ|
Last Updated:
വ്യാഴം, 6 ജൂലൈ 2023 (13:40 IST)
കഴിഞ്ഞ
ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യ യുവരക്തങ്ങളെ കൊണ്ടുവരണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുകയാണ്. ടി20 ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഏതാനും പരമ്പരകളിലായി ഇന്ത്യ കളിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇതൊടെ യുവനിരയാകും ഇറങ്ങുക എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇത് ശരിവെയ്ക്കുന്നതാണ് വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള ടീം ഘടന.
നിലവില്‍ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നീ മുന്‍നിര ബാറ്റര്‍മാരില്ല എന്നത് മാത്രമല്ല ടീമില്‍ 30 കഴിഞ്ഞ ഒരൊറ്റ താരം മാത്രമാണ് ഇടം പിടിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിംഗ് ടീമില്‍ ഇടം നേടിയില്ലെങ്കിലും ഐപിഎല്ലിലെ പ്രകടനങ്ങളുടെ മികവില്‍ യശ്വസി ജയ്‌സ്വാള്‍,തിലക് വര്‍മ എന്നീ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ 15 അംഗ ടീമില്‍ ടി20 സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യകുമാര്‍ യാദവും സ്പിന്നർ യൂസ്‌വേന്ദ്ര ചഹലും മാത്രമാണ് 30 കഴിഞ്ഞ താരങ്ങളായുള്ളത് അതിനാല്‍ തന്നെ യുവതാരങ്ങളുമായി ആയിരിക്കും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുക. ഔദ്യോഗികമായി ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചില്ലെങ്കിലും രോഹിത് ശര്‍മ,വിരാട് കോലി തുടങ്ങിയ താരങ്ങളെ ലോകകപ്പിനായുള്ള ടി20 ടീമിലേക്ക് ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത വിരളമാണ്.