12 ഇന്നിങ്ങ്സിൽ ആകെ കളിച്ചത് 90 ബോൾ മാത്രം, ഇവനെയാണോ സഞ്ജുവിനും മുകളിൽ ബിസിസിഐ കണ്ടത്?

അഭിറാം മനോഹർ| Last Modified വെള്ളി, 26 മെയ് 2023 (19:29 IST)
ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അടുത്ത കാലം വരെ സഞ്ജു സാംസണിനും മുകളില്‍ സ്ഥിരമായി അവസരം ലഭിച്ചിരുന്ന താരമായിരുന്നു ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. വിരാട് കോലി ഫോം ഔട്ടായ സമയത്ത് താരത്തെ മൂന്നാം നമ്പറില്‍ പരീക്ഷിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ഉള്‍പ്പടെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരൊറ്റ ഐപിഎല്‍ സീസണില്‍ മാത്രം മികച്ച പ്രകടനം നടത്തിയ വണ്‍ സീസണ്‍ വണ്ടറായി അവസാനിക്കുന്നതാണ് ഈ ഐപിഎല്ലില്‍ കാണാനായത്.

2015 മുതല്‍ ഐപിഎല്ലില്‍ ഭാഗമായ ദീപക് ഹൂഡ 2022 സീസണില്‍ മാത്രമാണ് 200ന് മുകളില്‍ റണ്‍സ് കണ്ടെത്തിയത്. 2022ല്‍ ഇന്ത്യന്‍ ടീമിലെത്തിയ താരം ഇന്ത്യന്‍ ടീമിലും തന്റെ മികച്ച ഫോം ആദ്യ മത്സരങ്ങളില്‍ തുടര്‍ന്നെങ്കിലും പിന്നീട് പരാജയമാകുന്ന കാഴ്ചയാണ് കാണാനായത്. ഐപിഎല്ലില്‍ ലഖ്‌നൗവിനായി അതിദയനീയമായ പ്രകടനമാണ് ദീപക് ഹൂഡ ഈ സീസണില്‍ കാഴ്ചവെച്ചത്. സീസണില്‍ 12 മത്സരങ്ങളില്‍ ബാറ്റ് ചെയ്ത താരം 7.64 എന്ന ദയനീയമായ ശരാശരിയില്‍ 84 റണ്‍സ് മാത്രമാണ് ആകെ നേടിയത്. ആകെ 90 ബോളുകള്‍ മാത്രമാണ് ഹൂഡ ഈ സീസണില്‍ കളിച്ചത്. ഇതില്‍ 34 ഡോട്ട് ബോളുകളും ഉള്‍പ്പെടുന്നു.

ഐപിഎല്ലില്‍ ഒന്നിലേറെ സീസണുകളില്‍ എട്ടില്‍ കൂടുതല്‍ തവണ ഒറ്റയക്ക സ്‌കോറിന് പുറത്തായ ആദ്യതാരമെന്ന റെക്കോര്‍ഡും ഇതിനിടെ ദീപക് ഹൂഡ സ്വന്തമാക്കി. ഇതിന് മുന്‍പ് 2016ലായിരുന്നു ഹൂഡ 8 ഇന്നിങ്ങ്‌സുകളില്‍ രണ്ടക്കം കാണാതെ ക്രീസ് വിട്ടത്. 2015 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ഹൂഡ 107 ഐപിഎല്‍ മത്സരങ്ങളില്‍ 1320 റണ്‍സാണ് ആകെ നേടിയിട്ടുള്ളത്. 457 റണ്‍സ് നേടിയ കഴിഞ സീസണില്‍ മാത്രമാണ് ഹൂഡ മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 151, 144,78,87,64,101,160 എന്നിങ്ങനെയാണ് 2015 മുതലുള്ള താരത്തിന്റെ ഓരോ സീസണിലെയും ആകെ സ്‌കോറുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :