കഴിവുള്ളവരെ നോക്കി പണം ഇറക്കാന്‍ നന്നായി അറിയാം; 'പൊടി മല്ലിംഗ' മുംബൈയുടെ തുറുപ്പുച്ചീട്ട് ആകുമോ?

29 കാരനായ നുവാന്‍ തുഷാര ശ്രീലങ്കയ്ക്കു വേണ്ടി അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ഇതുവരെ കളിച്ചിരിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (12:27 IST)

ഐപിഎല്‍ 2024 ന് മുന്നോടിയായി നടന്ന മിനി താരലേലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പണം ചെലവഴിച്ചത് മുംബൈ ഇന്ത്യന്‍സാണ്. ഏതൊക്കെ താരങ്ങളെ സ്വന്തമാക്കണമെന്നതിനെ കുറിച്ച് മുംബൈ മാനേജ്‌മെന്റിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അതിന്റെ ഉദാഹരണമാണ് പേസര്‍ നുവാന്‍ തുഷാരയെ മുംബൈ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. 50 ലക്ഷം അടിസ്ഥാന വിലയില്‍ ഓക്ഷന്‍ ടേബിളിലേക്ക് എത്തിയ നുവാന്‍ തുഷാരയെ വാശിയേറിയ ലേലം വിളിക്ക് ശേഷം 4.80 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്.

29 കാരനായ നുവാന്‍ തുഷാര ശ്രീലങ്കയ്ക്കു വേണ്ടി അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ഇതുവരെ കളിച്ചിരിക്കുന്നത്. ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 8.71 ആണ് ഇക്കോണമി. വലംകയ്യന്‍ പേസര്‍ ആണ്.


ശ്രീലങ്കയില്‍ 'പൊടി മലിംഗ' എന്നാണ് നുവാന്‍ തുഷാരയെ ആരാധകര്‍ വിളിക്കുന്നത്. ശ്രീലങ്കയുടെ ലെജന്‍ഡറി ബൗളര്‍ ലസിത് മലിംഗയുടെ ബൗളിങ് ആക്ഷനുമായി നുവാന്‍ തുഷാരയുടെ ആക്ഷന് സാമ്യമുണ്ട്. നുവാന്‍ ബാറ്റര്‍മാരെ ബൗള്‍ഡ് ആക്കുന്ന വീഡിയോ കണ്ടാല്‍ ഇത് മലിംഗ തന്നെയല്ലേ എന്ന് ആരായാലും സംശയിച്ചു പോകും. ഓള്‍ഡ് ബോളില്‍ സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും വഴങ്ങും എന്നതാണ് നുവാന്റെ ഏറ്റവും വലിയ ക്വാളിറ്റി. മല്ലിംഗയെ പോലെ യോര്‍ക്കറുകളിലും അഗ്രഗണ്യന്‍.

അബുദാബി ടി 10 ലീഗില്‍ മികച്ച പ്രകടനമാണ് താരം ഈയടുത്ത് നടത്തിയത്. 13 വിക്കറ്റുകളോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം. മുംബൈയുടെ ബൗളിങ് പരിശീലകനായ ലസിത് മല്ലിംഗയാണ് നുവാന്‍ തുഷാരയെ ടീമില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :