Rishab Pant: 90കളിൽ പുറത്താകുന്നത് തുടർക്കഥ, പന്തിന് കയ്യകലെ നഷ്ടമായത് 7 സെഞ്ചുറികൾ!

Rishab pant test
അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (10:22 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരൊറ്റ സെഷന്‍ കൊണ്ട് കളിമാറ്റിമറിക്കാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് പന്ത് അത് വീണ്ടും തെളിയിച്ചുകഴിഞ്ഞു. സര്‍ഫറാസ് ഖാനോടൊപ്പം നിര്‍ണായകമായ കൂട്ടുക്കെട്ട് സൃഷ്ടിച്ച റിഷഭ് പന്തിന് പക്ഷേ മത്സരത്തില്‍ അര്‍ഹതപ്പെട്ട സെഞ്ചുറി വെറും ഒരു റണ്‍സ് അകലത്തില്‍ നഷ്ടമായിരുന്നു.


99 റണ്‍സിലെത്തി നില്‍ക്കെ വില്യം ഔറുക്കെയുടെ പന്തില്‍ റിഷഭ് പന്ത് പുറത്തായത് ആരാധകര്‍ക്ക് വിശ്വസിക്കാനാവുന്ന ഒന്നായിരുന്നില്ല. മറ്റ് പല ബാറ്റര്‍മാരും സെഞ്ചുറിക്കരികെ ഇന്നിങ്ങ്‌സ് പതുക്കെയാക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി ഹൈ റിസ്‌ക് സമീപനമാണ് പന്ത് നടത്താറുള്ളത്. അതിനാല്‍ തന്നെ തൊണ്ണൂറുകളില്‍ വെച്ച് 7 തവണയാണ് റിഷഭ് പന്ത് പുറത്തായത്. 2018ല്‍ രാജ്‌കോട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ 84 പന്തില്‍ 92 റണ്‍സിന് പുറത്തായതാണ് ഇതിലെ ആദ്യസംഭവം.


അതേ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന ടെസ്റ്റിലും റിഷഭ് പന്ത് 92 റണ്‍സിന് പുറത്തായി. 2021ല്‍ സിഡ്‌നിയില്‍ ഓസീസിനെതിരെ 97 റണ്‍സിലും പന്ത് പുറത്തായി. അതേവര്‍ഷം ഇംഗ്ലണ്ടിനെതിരെ 91 റണ്‍സിലും 2022ല്‍ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ 96 റണ്‍സിനും പന്ത് പുറത്തായി. 2022ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ 93 റണ്‍സിനാണ് റിഷഭ് പുറത്തായത്. ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ 99 റണ്‍സിലും താരം പുറത്തായിരിക്കുകയാണ്. 7 തവണയാണ് പന്ത് ഇത്തരത്തില്‍ 90കളില്‍ പുറത്താകുന്നത്. കരിയറില്‍ 6 ടെസ്റ്റ് സെഞ്ചുറികളാണ് നിലവില്‍ പന്തിനുള്ളത്. 90കളില്‍ അല്പം ശ്രദ്ധ പുലര്‍ത്തികളിച്ചിരുന്നുവെങ്കില്‍ പല ഔട്ടുകളും പന്തിന് ഒഴിവാക്കാമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :