അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (10:25 IST)
ന്യൂസിലന്‍ഡിനെതിരായ ബെംഗളുരു ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ 46 റണ്‍സിന് ഓളൗട്ടായതിന് പിന്നാലെ തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മഴയെ തുടര്‍ന്ന് രണ്ടാം ദിനത്തിലായിരുന്നു ടെസ്റ്റ് മത്സരം ആരംഭിച്ചത്. മൂടിക്കെട്ടിയ അന്തരീക്ഷവും ഈര്‍പ്പമുള പിച്ചും കിവീസ് പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ പിച്ച് കുറച്ചുകൂടി ഫ്‌ളാറ്റാകുമെന്നാണ് കരുതിയത്. രോഹിത് പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റര്‍മാരെ വെറും 46 റണ്‍സിനാണ് ന്യൂസിലന്‍ഡ് പുറത്താക്കിയത്. പേസര്‍മാര്‍ക്ക് വലിയ പിന്തുണ കിട്ടിയ പിച്ചില്‍ 3 സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇതിനെ പറ്റിയും രോഹിത് വിശദീകരിച്ചു. ഇന്ത്യയെ സംബന്ധിച്ച് മോശം ദിനമായിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കും. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ആദ്യ സെഷന്‍ എപ്പോഴും നിര്‍ണായകമാണ്. ബെംഗളുരു പിച്ചില്‍ കാര്യമായി പുല്ല് ഇല്ലാത്തതിനാലാണ് 3 സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പിച്ച് കുറച്ചുകൂടി ഫ്‌ളാറ്റാകുമെന്നാണ് പ്രതീഷിച്ചത്.
പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ എന്റെ ഭാഗത്ത് തെറ്റ് പറ്റി.അതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു. അത് പിഴച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ഇതെന്നെ ബാധിക്കുന്നതാണ്. പക്ഷേ 365 ദിവസത്തില്‍ രണ്ടോ മൂന്നോ മോശം തീരുമാനങ്ങള്‍ പിഴയ്ക്കുന്നത് അംഗീകരിക്കാനാവുന്നതാണ് എന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ദിനം ന്യൂസിലന്‍ഡിന്റെ ലീഡ് കുറയ്ക്കാനാകും ഞങ്ങള്‍ ശ്രമിക്കുക. രണ്ടാം ഇന്നിങ്ങ്‌സില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ ശ്രമിക്കും.
ഗില്ലിന്റെ അഭാവത്തില്‍ മൂന്നാം സ്ഥാനം ഏറ്റെടുക്കാമെന്ന് പറഞ്ഞത് കോലി തന്നെയാണ്. വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാന്‍ കളിക്കാര്‍ മുന്നൊട്ട് വരുന്നത് നല്ല സൂചനയാണ്. രാഹുലിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറ്റാന്‍ ടീം ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് ആറാമനായി ഇറക്കിയത്. രോഹിത് പറഞ്ഞു.