അഭിറാം മനോഹർ|
Last Updated:
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (13:23 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു. മേഘാവൃതമായ അന്തരീക്ഷത്തില്‍ പിച്ചിലെ ഈര്‍പ്പം മുതലെടുത്തുകൊണ്ട് ന്യൂസിലന്‍ഡ് പേസര്‍മാര്‍ അപകടകാരികളായപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ മുന്‍നിര ഘോഷയാത്രപോലെ പവലിയനിലേക്ക് യാത്രയായി.
ഇന്ത്യന്‍ ടീമിലെ അഞ്ച് ബാറ്റര്‍മാരാണ് റണ്‍സൊന്നും തന്നെ നേടാതെ പുറത്തായത് എന്നത് തന്നെ തകര്‍ച്ചയുടെ വ്യാപ്തി എത്രമാത്രമെന്ന് വ്യക്തമാക്കുന്നതാണ്. 2 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനായ നാലാം നമ്പര്‍ സ്ഥാനം മാറ്റിയുള്ള തീരുമാനം കോലിയ്ക്ക് മാത്രമല്ല ടീമിനാകെ തിരിച്ചടിയായി മാറി.
കോലിയ്ക്ക് പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നൊവരെല്ലാം പൂജ്യത്തിനാണ് പുറത്തായത്. ഓപ്പണിംഗില്‍ ഇറങ്ങിയ ജയ്‌സ്വാള്‍ ടീമിനെ കരകയറ്റുമെന്ന പ്രതീക്ഷകളും അന്യമായി. 63 പന്തില്‍ 13 റണ്‍സാണ് താരം നേടിയത്. 49 പന്തില്‍ 20 റണ്‍സുമായി റിഷഭ് പന്ത് പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ആര്‍ക്കും തന്നെ സാധിച്ചില്ല.
ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി 13.2 ഓവറില്‍ 15 റണ്‍സിന് അഞ്ച് വിക്കറ്റും വില്‍ ഒറൂക്ക് 22 റണ്‍സിന് നാല് വിക്കറ്റും സ്വന്തമാക്കി. ടിം സൗത്തിക്കാണ് ഒരു വിക്കറ്റ്.