അഭിറാം മനോഹർ|
Last Modified ശനി, 13 നവംബര്‍ 2021 (20:29 IST)
ഇന്ത്യൻ ടീം സെലക്‌ടർമാരിൽ ഒരാൾ പോലും ടി20 ക്രിക്കറ്റ് കളിച്ചവരില്ലെന്ന് റിപ്പോർട്ട്. നേരത്തെ ഇന്ത്യൻ പരിശീലകനായ രവി ശാസ്‌ത്രി ടീം തിരെഞ്ഞെടുപ്പ് പൂർണമായി നടത്തിയത് ഇന്ത്യൻ സെലക്‌ടർമാർ ആയിരുന്നുവെന്നും ടീം തിരെഞ്ഞെടുപ്പിൽ ക്യാപ്‌റ്റന് പോലും വോട്ടുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
സെലക്ഷൻ കമ്മിറ്റി തിരെഞ്ഞെടുത്ത 15 കളിക്കാരിൽ നിന്ന് ഇലവനെ തിരെഞ്ഞെടുക്കുക മാത്രമാണ് കോച്ചും നായകനും ചെയ്‌തതെന്നും ഒരു മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ ശാസ്‌ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെലക്ഷൻ കമ്മിറ്റിയിലെ ഒരു താരം പോലും ടി20 കളിക്കാത്തവരാണെന്ന വാർത്ത പുറത്തുവരുന്നത്.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ 1994ലാണ് ഇന്ത്യന്‍ ടീമിൽ നിന്ന് വിരമിച്ചത്. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ എബി കുരുവിള, സുനില്‍ ജോഷി, ഹര്‍വിന്ദര്‍ സിംഗ്, ദേബാഷിഷ് മൊഹന്തി എന്നിവരും ടി20 ക്രിക്കറ്റിന് മുൻപെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചവരാണ്.
ഫ്രാഞ്ചൈസി ലീഗുമായി രാജ്യങ്ങൾ മുന്നോട്ട് വന്നതോടെ പഴയ ടി20 രീതികൾ എല്ലാം തന്നെ പൊളിച്ചെഴുതിയെങ്കിലും ഇതൊന്നും തിരിച്ചറിയാതെയാണ് ലോകകപ്പ് ടീം സെലക്ഷൻ ചുമതല ബിസിസിഐ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയെ ഏൽപ്പിച്ചത്. ഇന്ത്യൻ തോൽവിയുടെ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നുവെന്ന് ഇപ്പോൾ വിമർശനം ശക്തമായിരിക്കുകയാണ്.