രേണുക വേണു|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (22:18 IST)
New Zealand vs South Africa: ട്വന്റി 20 ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലൻഡിന്റെ റോയൽ എൻട്രി. ഒന്നാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിനു തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 43 പന്തുകൾ ശേഷിക്കെ കിവീസ് ലക്ഷ്യം കണ്ടു.
ഫിൻ ആലന്റെ സെഞ്ചുറി കരുത്തിലാണ് ന്യൂസിലൻഡ് അനായാസ ജയം സ്വന്തമാക്കിയത്. 33 പന്തുകൾ നേരിട്ട ന്യൂസിലൻഡ് ഓപ്പണർ 10 ഫോറും എട്ട് സിക്‌സും സഹിതം 100 റൺസുമായി പുറത്താകാതെ നിന്നു. ട്വന്റി 20 ലോകകപ്പിലെയും ടി20 ഫോർമാറ്റിലെയും (ഫുൾ സ്‌ക്വാഡ്) ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. ടിം സീഫർട്ട് 33 പന്തുകളിൽ 58 റൺസെടുത്തു.
30 പന്തിൽ പുറത്താകാതെ 55 റൺസെടുത്ത മാർക്കോ യാൻസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ഡെവാൾഡ് ബ്രെവിസ് 27 പന്തിൽ 34 റൺസെടുത്തു. ട്രിസ്റ്റൺ സ്റ്റബ്‌സ് 24 പന്തിൽ 29 റൺസ് നേടി. ന്യൂസിലൻഡിനായി രചിൻ രവീന്ദ്ര, മാറ്റ് ഹെന്ററി, കോലെ മക്കോണി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിലെ വിജയികളെയായിരിക്കും ഫൈനലിൽ ന്യൂസിലൻഡ് നേരിടുക.