Sanju Samson: ഏകദിനത്തിലും ടി20യിലും സഞ്ജുവുണ്ടാകും? നിർണായക സൂചനകൾ പുറത്തുവിട്ട് ക്രിക്ക്ബസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂണ്‍ 2023 (14:49 IST)
വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന,ടെസ്റ്റ്,ടി20 ടീമുകളെ പറ്റി നിര്‍ണായക സൂചനകള്‍ പുറത്തുവിട്ട് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമുകളെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നിര്‍ണായകമായ ചില സൂചനകള്‍ ക്രിക്ക്ബസ് പുറത്തുവിട്ടത്. ഇന്ത്യയുടെ ഏകദിന,ടി20 ടീമുകളിലേക്ക് മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ പരിഗണിക്കുന്നുവെന്ന വാര്‍ത്തയാണ് ക്രിക്ക്ബസ് പുറത്തുവിട്ടതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. കഴിഞ്ഞ ഐപിഎല്ലില്‍ ബാറ്റിംഗില്‍ കാര്യമായി തിളങ്ങാതിരുന്ന താരത്തെ തഴയുമെന്നാണ് ആരാധകര്‍ ഉള്‍പ്പടെയുള്ളവര്‍ കരുതിയിരുന്നത്.

എന്നാല്‍ ഏഷ്യാകപ്പിന് മുന്‍പ് നടക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും സഞ്ജു ഇടം നേടുമെന്ന് ക്രിക്ക് ബസ് പറയുന്നു. ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. ഇതാണ് താരത്തിന് തുണയായത്. വിന്‍ഡീസ് പര്യടനത്തില്‍ സ്ഥാനം നേടാനായാല്‍ ലോകകപ്പിന് മുന്‍പ് കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന അവസരമാകും അത്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനുണ്ട് എന്ന സാഹചര്യത്തില്‍ രണ്ട് ഫോര്‍മാറ്റിലും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ടതുണ്ട്.

അതേസമയം സഞ്ജുവിന്റെ മടങ്ങിവരവിന്റെ വാര്‍ത്തയ്ക്ക് പിന്നാലെ ടെസ്റ്റ് ടീമില്‍ നിന്നും പുജാര ഒഴിവാക്കപ്പെടുമെന്ന റിപ്പോര്‍ട്ടും ക്രിക്ക്ബസ് നല്‍കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ നിരുത്തരവാദപരമായ പ്രകടനമാണ് പുജാരയ്ക്ക് പുറത്തോട്ടുള്ള വഴി തുറക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :