India vs Australia ODI Series: ഓസ്‌ട്രേലിയയെ നിലംപരിശാക്കി ഇന്ത്യ, ഏകദിന പരമ്പര സ്വന്തമാക്കി

ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 33 ഓവറില്‍ ഓസ്‌ട്രേലിയയുടെ വിജയലക്ഷം 316 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (08:28 IST)

India vs Australia ODI Series: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ 99 റണ്‍സിന് ഓസീസിനെ പരാജയപ്പെടുത്തിയതോടെ 2-0 ത്തിന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി. ഓസ്‌ട്രേലിയ 28.2 ഓവറില്‍ 217 ന് ഓള്‍ഔട്ടായി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 33 ഓവറില്‍ ഓസ്‌ട്രേലിയയുടെ വിജയലക്ഷം 316 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍ (39 പന്തില്‍ 53), സീന്‍ അബോട്ട് (36 പന്തില്‍ 54) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടിയത്. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. പ്രസിത് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

ശ്രേയസ് അയ്യര്‍ (90 പന്തില്‍ 105), ശുഭ്മാന്‍ ഗില്‍ (97 പന്തില്‍ 104) എന്നിവരുടെ സെഞ്ചുറികളും സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താകാതെ 72), കെ.എല്‍.രാഹുല്‍ (38 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍ 18 പന്തില്‍ 31 റണ്‍സ് നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :