ഇന്ത്യൻ സ്പിന്നർമാർക്ക് ഓസീസിൻ്റെ മറുപടി നഥാൻ ലിയോണിലൂടെ, നാഗ്പൂർ ടെസ്റ്റിനിറങ്ങുമ്പോൾ താരം ലക്ഷ്യമിടുന്നത് വമ്പൻ റെക്കോർഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (08:58 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്രോഫി അശ്വിനും സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇന്ത്യക്കെതിരെ നാട്ടിലും വിദേശത്തും മികച്ച റെക്കോർഡുള്ള സ്റ്റീവ് സ്മിത്തിനെ കഴിഞ്ഞ പരമ്പരയിൽ തളയ്ക്കാൻ അശ്വിനായിരുന്നു.ഇത്തവണയും ഇരുവരും നേർക്കുനേരെത്തുമ്പോൾ ആവേശകരമായ പോരാട്ടമാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സ്പിൻ പിച്ചുകളൊരുക്കി ഓസീസിനെ വീഴ്ഠാൻ ഇന്ത്യ കെണിയുമായി കാത്തിരിക്കുമ്പോൾ സ്പിൻ പിച്ചുകളിൽ നാശം വിതയ്ക്കാൻ ശേഷിയുള്ള നഥാൻ ലിയോണിൻ്റെ സാന്നിധ്യം ഇന്ത്യയെയും കുഴക്കുന്നുണ്ട്. രവിചന്ദ്ര അശ്വിന് ഓസീസ് മറുപടി നൽകുക ലിയോണിലൂടെ ആയിരിക്കും. അതേസമയം ഒരു റെക്കോർഡ് നേട്ടത്തിനരികെയാണ് ഓസീസ് താരമായ ലിയോൺ. ആദ്യ ടെസ്റ്റിൽ 6 വിക്കറ്റുകൾ സ്വന്തമാക്കാനായാൽ ഇന്ത്യക്കെതിരെ ടെസ്റ്റിൽ 100 വിക്കറ്റ് നേടാൻ ലിയോണിനാകും.

22 ടെസ്റ്റിൽ നിന്നും 94 വിക്കറ്റാണ് ലിയോണിൻ്റെ പേരിലുള്ളത്. ഇതിന് മുൻപ് 2 വിദേശ ബൗളർമാർ മാത്രമാണ് ഇന്ത്യക്കെതിരെ 100 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്സൺ( 35 മത്സരങ്ങളിൽ നിന്നും 139 വിക്കറ്റ്) ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (22 കളികളിൽ നിന്ന് 105 വിക്കറ്റ്). നിലവിൽ ഓസീസിനായി 115 ടെസ്റ്റിൽ നിന്നും 460 വിക്കറ്റ് ലിയോൺ സ്വന്തമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :