ഇന്ത്യയുടെ അന്ധകനാകാന്‍ അയാള്‍ക്ക് സാധിക്കും; കരുതലോടെ രോഹിത്തും സംഘവും, കണക്കുകള്‍ ഭയപ്പെടുത്തുന്നത് !

നഥാന്‍ ലിയോണിനെ കളിക്കാന്‍ വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്

രേണുക വേണു| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (11:43 IST)

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നാളെ മുതല്‍ ആരംഭിക്കുകയാണ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്പിന്നിന് അനുകൂലമായ ഇന്ത്യയിലെ പിച്ചുകളില്‍ ഓസ്‌ട്രേലിയ എങ്ങനെ പ്രതിരോധം തീര്‍ക്കുമെന്ന് കാണാനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.

മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുക. രവിചന്ദ്രന്‍ അശ്വിന്‍ - രവീന്ദ്ര ജഡേജ - അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും ഇന്ത്യയുടെ സ്പിന്‍ ത്രയത്തില്‍ ഉണ്ടാകുക. മറുവശത്ത് നഥാന്‍ ലിയോണ്‍ എന്ന സൂത്രശാലിയായ സ്പിന്നറാണ് ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം. ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ സാധ്യതയുള്ള ബൗളര്‍ ലിയോണ്‍ ആണ്.

ഏത് സാഹചര്യത്തിലും മികച്ച ടേണും വേരിയേഷനും ഉള്ള സ്പിന്നറാണ് നഥാന്‍ ലിയോണ്‍. 460 ടെസ്റ്റ് വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് നഥാന്‍ ലിയോണിനുണ്ട്. ഇന്ത്യയില്‍ കളിച്ച ഏഴ് ടെസ്റ്റുകളില്‍ നിന്ന് ലിയോണ്‍ വീഴ്ത്തിയിരിക്കുന്നത് 34 വിക്കറ്റുകള്‍. ഈ കണക്കുകള്‍ രോഹിത്തിനേയും സംഘത്തേയും ഭയപ്പെടുത്തുന്നതാണ്. നേരത്തെ പിച്ച് ക്യൂറേറ്റര്‍ ആയിരുന്നതുകൊണ്ട് പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തെറിയാനുള്ള അപാര കഴിവും ലിയോണിനുണ്ട്.

നഥാന്‍ ലിയോണിനെ കളിക്കാന്‍ വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മയും മണിക്കൂറുകളോളം സ്വീപ്പ് ഷോട്ടുകള്‍ പരിശ്രമിച്ചത് ലിയോണിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :