‘ഗാംഗുലിയും സച്ചിനുമെല്ലാം വേറെ ലെവലാണ്, ചതിയൻ എന്നും ചതിയൻ തന്നെ’- ആഞ്ഞടിച്ച് മുൻ‌താരം

Last Updated: വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (19:25 IST)
ആഷസിലെ നാലാം ടെസ്റ്റിലെ 211, 82 റണ്‍സ് പ്രകടനങ്ങളോടെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 671 റണ്‍സുമായി അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളുടെ കണ്ണിലെ കരടായി മാരിയിരിക്കുകയാണ് സ്മിത്ത്.

സ്മിത്തിനെ പരസ്യമായി വിമർശിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കൂടുതല്‍ ആരോപണങ്ങളുമായി മറ്റൊരു ഇംഗ്ലീഷ് താരം കൂടി. ചതിയന്‍ എക്കാലത്തും ചതിയനായിരിക്കുമെന്നും ലോക ക്രിക്കറ്റില്‍ ചതിയന്‍ എന്ന പേരിലായിരിക്കും സ്മിത്ത് അറിയപ്പെടുകയെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറുടെ കുറ്റപ്പെടുത്തല്‍.

‘പന്ത് ചുരണ്ടലിൽ സ്മിത്തിന്റെ പങ്കെന്തായിരുന്നു എന്ന് ലോകത്തിനു അറിയാം. ക്രിക്കറ്റ് ലോകം അത് എന്നും ഓർമിക്കും. എക്കാലവും ചതിയന്‍ എന്നാവും സ്മിത്തിനെ അറിയപ്പെടുക. മഹാനായ ക്രിക്കറ്റ് കളിക്കാരുടെ പേരിനൊപ്പം സ്മിത്തിന്റെ പേരും വെച്ചാല്‍ അവിടെ ചോദ്യം ഉയരും. ശരിക്കും സ്മിത്ത് മഹാനോ അതോ ചതിയനായ ഒരു ക്രിക്കറ്റ് താരമോ?’ എന്ന് മോണ്ടി ചോദിച്ചു. മഹാനായ കളിക്കാരുടെ നിരയില്‍ ഒരിക്കലും സ്മിത്തിന് സ്ഥാനമില്ലെന്നും ഇംഗ്ലണ്ട് സ്പിന്നര്‍ പറയുന്നു.

സച്ചിന്‍, ഗാവസ്‌കര്‍. ഗാംഗുലി, കുംബ്ലേ തുടങ്ങിയ താരങ്ങളെയാണ് പനേസര്‍ മഹാനായ കളിക്കാരായി വിലയിരുത്തുന്നത്. എത്ര റണ്‍സ് സ്മിത്ത് സ്‌കോര്‍ ചെയ്തു എന്നതിലല്ല കാര്യമെന്നും ക്രിക്കറ്റിനെ ബഹുമാനിച്ചും സ്നേഹിച്ചും കളിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. നല്ല കളിക്കാരനും മഹാനായ കളിക്കാരനും തമ്മിൽ നല്ല വ്യത്യാസമുണ്ട്. കളിക്കളത്തിനകത്ത് മാത്രമല്ല, പുറത്തും എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണത്. പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷം മഹാനായ കളിക്കാരുടെ സ്റ്റാറ്റസിൽ നിന്നും താഴെയാണ് സ്മിത്തിന്റെ സ്ഥാനമെന്നും മോട്ണി പറഞ്ഞു.

ശവക്കുഴിയിലേക്ക് പോവുന്നത് വരെ സ്മിത്ത് ചതിയനായിരിക്കും എന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ പേസര്‍ ഹാര്‍മിസന്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :